ADVERTISEMENT

കൊച്ചി ∙ സീപ്ലെയ്ൻ പദ്ധതി ജനകീയമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വിശദമായ പദ്ധതി തയാറാക്കിവരികയാണ്. നടപ്പായാൽ സംസ്ഥാനത്തെ വിദൂരസ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തിലും ചെലവിലും എത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവൻകുട്ടി, മേയർ എം.അനിൽകുമാർ, സംസ്ഥാന വ്യോമയാന സെക്രട്ടറി ബിജു പ്രഭാകർ, ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം അഡിഷനൽ ഡയറക്ടർ (ജനറൽ) പി.വിഷ്ണുരാജ്, ഡിഹാവ്‌ലാൻഡ് ഏഷ്യ - പസിഫിക് മേഖലാ വൈസ് പ്രസിഡന്റ് യോഗേഷ് ഗാർഗ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

തുരങ്കം വച്ചാൽ തടയുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ജലവിമാന പദ്ധതി ആറുമാസത്തിനുള്ളിൽ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പ്രകൃതിസ്നേഹം പറഞ്ഞ് പദ്ധതിക്ക് ആരു തുരങ്കം വയ്ക്കാൻ ശ്രമിച്ചാലും സർക്കാർ എന്തു വിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു.

ഉഡാൻ പദ്ധതി

ഗ്രാമീണമേഖലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയുടെ ഭാഗമായാണു ജലവിമാന സർവീസ്. കാനഡയിലെ ഡിഹാവ്‌ലാൻഡ് കമ്പനിയുടെ 17 സീറ്റുള്ള വിമാനമാണു സ്‌പൈസ്‌ജെറ്റിന്റെ സഹകരണത്തോടെ പരീക്ഷണപ്പറക്കൽ നടത്തിയത്.

പ്രതിഷേധം‌ തുടരുമെന്ന് ധീവരസഭ

അമ്പലപ്പുഴ∙ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിക്കുന്ന സീപ്ലെയ്ൻ പദ്ധതിയോടുള്ള ധീവരസഭയുടെ ശക്തമായ എതിർപ്പിൽ മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി വി.ദിനകരൻ. ടൂറിസം വികസനത്തിന് ആരും എതിരല്ല. എന്നാൽ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കുന്ന പദ്ധതിയായി മാത്രമേ ഇതിനെ കാണാനാകൂ. 

11 വർഷം മുൻപ് യുഡിഎഫ് സർക്കാർ ഈ പദ്ധതി മുന്നോട്ടുവച്ചപ്പോൾ ധീവരസഭയ്ക്കൊപ്പം സിഐടിയു, എഐടിയുസി സംഘടനകളും സമരത്തിനുണ്ടായിരുന്നു. തുടർന്നു സർക്കാർ പദ്ധതി ഉപേക്ഷിച്ചു. അന്നു പ്രതിഷേധിച്ച പാർട്ടികൾ നേതൃത്വം കൊടുക്കുന്ന ഇടതുസർക്കാരാണ് ഇപ്പോൾ ഈ പദ്ധതിയുമായി വന്നിരിക്കുന്നത്. ഇപ്പോഴും സമരം ചെയ്യാൻ സിഐടിയു, എഐടിയുസി സംഘടനകൾ തയാറാണോ  എന്നു വ്യക്തമാക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.

English Summary:

Government aims to popularize Seaplane project: PA Mohammed Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com