ഇ.പി.ജയരാജനെ കേന്ദ്ര– സംസ്ഥാന കമ്മിറ്റികളിൽനിന്ന് ഒഴിവാക്കിയേക്കും
Mail This Article
തിരുവനന്തപുരം ∙ പാർട്ടിയെ പതിവായി വെട്ടിലാക്കുന്ന ഇ.പി.ജയരാജനെ കേന്ദ്ര– സംസ്ഥാന കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കാൻ സാധ്യത. 75 പ്രായപരിധി ചൂണ്ടിക്കാട്ടി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി നിലനിർത്തിയേക്കും.
ജനുവരിയിൽ സംസ്ഥാന സമ്മേളനവും ഏപ്രിലിൽ പാർട്ടി കോൺഗ്രസും നടക്കുമ്പോൾ ഇ.പിക്ക് 75 വയസ്സാവില്ല. മേയ് മാസത്തിലാണ് അദ്ദേഹത്തിന് 75 തികയുന്നത്. അതിനാൽ വേണമെങ്കിൽ അദ്ദേഹത്തിന് ഇളവു നൽകുകയും കേന്ദ്ര–സംസ്ഥാന കമ്മിറ്റികളിൽ നിലനിർത്തുകയും ചെയ്യാം. എന്നാൽ ‘ആത്മകഥാ വിവാദം’ കൂടിയായതോടെ ഇനിയും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവാണ്.
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിനെതിരെ ‘ആത്മകഥ’യിൽ നടത്തിയ വിമർശനമാണ് സിപിഎം ഏറെ ഗൗരവത്തോടെ എടുത്തിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പിനു ശേഷം മാത്രമേ പുസ്തകം ഇറങ്ങൂ എന്ന നിലയിൽ എഴുതിയതാണെങ്കിലും വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിനം തന്നെ വിവാദ ഭാഗങ്ങൾ പുറത്തു വന്നു. ആ ചോർച്ചയ്ക്കു പിന്നിൽ താനല്ലെന്ന ഇ.പിയുടെ വിശദീകരണം പാർട്ടി തള്ളുന്നില്ല. പക്ഷേ, അതൊന്നും താൻ എഴുതിയതല്ലെന്നും കൂട്ടിച്ചേർത്തതാണെന്നും ഉള്ള വാദത്തിൽ നേതൃത്വത്തിൽ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത്.
ആരോപണങ്ങളിൽ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ടുള്ള പുസ്തകം ഇ.പി തയാറാക്കുന്ന കാര്യം പാർട്ടിക്കും അറിയാവുന്നതാണ്. ദേശാഭിമാനി ബോണ്ട് വിവാദം, വൈദേകം റിസോർട്ട്, എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നുള്ള പുറത്താകൽ തുടങ്ങിയവ കാര്യത്തിൽ പറയാനുള്ളതാണ് പുസ്തകത്തിൽ വന്നതെന്ന ന്യായം വേണമെങ്കിൽ പാർട്ടിക്ക് അംഗീകരിക്കാൻ കഴിയും.
രണ്ടാം പിണറായി സർക്കാരിനുള്ള പോരായ്മകൾ സംസ്ഥാന കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ ‘ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് ഈ സർക്കാർ ദുർബലം’ എന്ന വിമർശനത്തെക്കുറിച്ചും ഇ.പിക്ക് പറഞ്ഞു നിൽക്കാനാകും. പക്ഷേ, പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ച ഒരു സ്ഥാനാർഥിയെ തള്ളിപ്പറയുന്നത് അംഗീകരിക്കാനാവില്ല. അതുകൊണ്ടാണ് സരിനെക്കുറിച്ചുള്ള വിമർശനത്തെക്കുറിച്ച് ഇ.പിയോട് തന്നെ പാർട്ടി ചോദിച്ചെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിൽ പറഞ്ഞത്.