ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി വിട്ടു തങ്ങൾക്കൊപ്പം ചേരാൻ സന്ദീപ് വാരിയരുമായി കോൺഗ്രസ് ധാരണയിലെത്തിയതു കോയമ്പത്തൂരിൽവച്ച്. വ്യാഴാഴ്ച രാത്രി അവിടെ നടന്ന രഹസ്യചർച്ചയിലാണ് സന്ദീപ് കോൺഗ്രസിനു കൈകൊടുത്തത്. അണിയറനീക്കം ഇങ്ങനെ:

നേതൃത്വത്തിന്റെ നിർദേശപ്രകാരം പാലക്കാട്ടെ കോൺഗ്രസ് നേതാവ് പി.ഹരിഗോവിന്ദനാണ് 4 ദിവസം മുൻപ് ആദ്യം സന്ദീപിനെ ഫോണിൽ ബന്ധപ്പെട്ടത്. ഹരിഗോവിന്ദൻ നേതൃത്വം നൽകിയ കോൺഗ്രസ് അധ്യാപകസംഘടനയിൽ സന്ദീപിന്റെ അമ്മ അംഗമായിരുന്നു. ഈ പരിചയം വച്ചാണ് പാലമിടാൻ പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. 

ഹരിഗോവിന്ദന്റെ വിളിയെത്തുമ്പോൾ ആർഎസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി സന്ദീപ് െബംഗളൂരുവിലായിരുന്നു. എഐസിസി നേതൃത്വം ഇടപെട്ടാൽ വരാമെന്ന സൂചന സന്ദീപ് നൽകി. ഇതോടെ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ബെന്നി ബഹനാൻ എംപി എന്നിവരുടെ നേതൃത്വത്തിൽ നീക്കങ്ങൾ വേഗത്തിലാക്കി. എഐസിസി പ്രതിനിധിയെന്ന നിലയിൽ സന്ദീപുമായി തുടർചർച്ച നടത്താൻ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പി.വി.മോഹനെ ചുമതലപ്പെടുത്തി.

ആദ്യ കൂടിക്കാഴ്ച കോയമ്പത്തൂരിൽ

മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും കണ്ണിൽപെടാതിരിക്കാൻ സന്ദീപുമായുള്ള ചർച്ച കേരളത്തിനു പുറത്തു നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി  പി.വി.മോഹനും ഹരിഗോവിന്ദനും കോയമ്പത്തൂരിലെത്തി. അവിടെ ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസിൽ ചേരാൻ സന്ദീപ് സമ്മതമറിയിച്ചു. 

ഈ സമയം പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും സതീശൻ ഫോണിൽ ബന്ധപ്പെട്ടു. ബിജെപിയെ ക്ഷീണിപ്പിക്കുന്ന ഏതു നീക്കത്തിനൊപ്പവും നിൽക്കുമെന്ന് മുസ്‌ലിം ലീഗ് ഉൾപ്പെടെ അറിയിച്ചു. സന്ദീപ് ഇതുവരെ സ്വീകരിച്ച തീവ്ര ഹിന്ദുത്വ, മുസ്‌ലിം വിരുദ്ധ നിലപാടുകൾ പ്രശ്നമാകില്ലേയെന്ന് ചിലർ ആശങ്കയറിയിച്ചു. ബിജെപിയെ വിദ്വേഷത്തിന്റെ പാർട്ടിയായി ചിത്രീകരിച്ച് അതിനെ പൂർണമായി തള്ളിപ്പറഞ്ഞായിരിക്കും സന്ദീപ് എത്തുകയെന്ന് ഘടകകക്ഷികൾക്കു കോൺഗ്രസ് ഉറപ്പുനൽകി.

മുഖ്യമന്ത്രി എത്തുംമുൻപ് രഹസ്യയോഗം

വെള്ളിയാഴ്ച രാവിലെ സന്ദീപുമായി ഫോണിൽ സംസാരിച്ച സതീശൻ അദ്ദേഹത്തിന്റെ വരവ് ഉറപ്പിച്ചു. വിവരം ഒരുകാരണവശാലും പുറത്തുപോകരുതെന്നും നിർദേശിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഹൈക്കമാൻഡിന്റെ അനുമതി തേടി കെ.സി.വേണുഗോപാലിനെ വിളിച്ചു. ഡൽഹിയിൽനിന്നു പച്ചക്കൊടി ലഭിച്ചതോടെ, എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരെയും സതീശൻ വിവരമറിയിച്ചു. പാലക്കാട് നഗരത്തിനു പുറത്ത് ദേശീയപാതയോടു ചേർന്നുള്ള ഹോട്ടലിൽ സതീശൻ, ദീപ ദാസ്മുൻഷി, ബെന്നി ബഹനാൻ, പി.വി.മോഹൻ, ഹരിഗോവിന്ദൻ എന്നിവർ വെള്ളിയാഴ്ച രാത്രി യോഗം ചേർന്ന് സന്ദീപിന്റെ വരവിനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കു രൂപംനൽകി. പാലക്കാട്ട് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി താമസിക്കുന്ന അതേ ഹോട്ടലിലായിരുന്നു ഈ രഹസ്യയോഗം.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പു സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന സമയത്തുതന്നെ സന്ദീപിനെ കോൺഗ്രസിൽ അവതരിപ്പിക്കാൻ യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രിയുടെ സമ്മേളനത്തിൽനിന്നു മാധ്യമശ്രദ്ധ അകറ്റുകയായിരുന്നു ലക്ഷ്യം. കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെ ‘അപ്രതീക്ഷിതമായി’ സന്ദീപ് അവിടെയെത്താനും ധാരണയാക്കി. രാത്രി ഒൻപതരയോടെ യോഗം അവസാനിപ്പിച്ച് സതീശനും സംഘവും ഹോട്ടലിൽനിന്ന് ഇറങ്ങി. 11 മണിയോടെ മുഖ്യമന്ത്രി അവിടെയെത്തി.

അർധരാത്രി ദീപ ദാസ്മുൻഷിയും പി.വി.മോഹനും സന്ദീപിനെ വീണ്ടും രഹസ്യമായി കണ്ടു. ഡൽഹിയിലുള്ള കെ.സി.വേണുഗോപാൽ സന്ദീപിനെ ഫോണിൽ വിളിച്ച് ദേശീയ നേതൃത്വത്തിന്റെ പൂർണപിന്തുണ ഉറപ്പു നൽകിയതോടെ കോൺഗ്രസിന്റെ രഹസ്യ ‘ഓപ്പറേഷൻ’ പൂർത്തിയായി.

English Summary:

How Sandeep Warrier Reached Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com