ഉയർന്ന പിഎഫ് പെൻഷൻ വീണ്ടും വൈകും; നടപടി താൽക്കാലികമായി നിർത്തിവച്ച് ഇപിഎഫ്ഒ
Mail This Article
കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷൻ നൽകുന്ന നടപടികൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) താൽക്കാലികമായി നിർത്തിവച്ചതോടെ പെൻഷൻ വിതരണം വീണ്ടും വൈകുമെന്നുറപ്പായി. പെൻഷനിൽ വൻ കുറവു വരുത്തുന്ന പ്രോ–റേറ്റ (ആനുപാതിക) വ്യവസ്ഥ ഉയർന്ന പെൻഷൻ പദ്ധതിയിലും നടപ്പാക്കിയതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധമാണ് നടപടി നിർത്തിവയ്ക്കാൻ കാരണമെന്നു സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. പിഎഫ് ഓഫിസുകളിലെ ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ വ്യക്തതയില്ല.
ബെംഗളൂരുവിലെ ഇപിഎഫ്ഒ സോണൽ ഓഫിസ് കർണാടകയിലെ റീജനൽ ഓഫിസുകൾക്ക് ഒക്ടോബർ 30ന് അയച്ച ഇ മെയിൽ സന്ദേശത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പെൻഷൻ അപേക്ഷകളിലെ നടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഹെഡ് ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണിതെന്നും പറയുന്നുണ്ടെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.
കേരളത്തിലെ റീജനൽ ഓഫിസുകളിൽ ഇത്തരമൊരു ഇ മെയിൽ ലഭിച്ചതായി സ്ഥിരീകരണമില്ലെങ്കിലും നടപടികൾ നിർത്തിവയ്ക്കാൻ വാക്കാൽ നിർദേശം നൽകിയിരുന്നു. ഇതുമൂലം ഉയർന്ന പെൻഷൻ കണക്കാക്കുന്ന ജോലി രണ്ടാഴ്ചയായി നടക്കുന്നില്ല. അതേസമയം, പഴയ രീതിയിൽ ശമ്പളപരിധി ബാധകമായ പെൻഷൻ അനുവദിക്കുന്നതിലെ നടപടികൾ തുടരുന്നുണ്ട്.