ADVERTISEMENT

തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരെ പരാതി ലഭിച്ചിട്ട് ഒരാഴ്ചയായെങ്കിലും പൊലീസിന് അനക്കമില്ല. നിയമോപദേശം ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് കേസെടുക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്.

ഗോപാലകൃഷ്ണനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡിജിപി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറിയത്. കേസെടുക്കുന്നതു സംബന്ധിച്ച നിയമോപദേശത്തിനായി പരാതി കൈമാറിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. 

വ്യവസായ– വാണിജ്യ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെ, മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിനു സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കുറ്റം ചുമത്താനാവശ്യമായ തെളിവുകളില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

തന്റെ ഫോൺ ഹാക്ക് ചെയ്തവരാണു വിവാദ ഗ്രൂപ്പുകളുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി കളവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്ന് വാട്സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ പൊലീസിനെ അറിയിച്ചിരുന്നു. ഫൊറൻസിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു. 

ഹാക്കിങ് നടന്നിട്ടില്ലെന്ന് ഉറപ്പിച്ചെങ്കിലും, പരിശോധനയ്ക്കായി കൈമാറുംമുൻപ് ഫോൺ ഫോർമാറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഗോപാലകൃഷ്ണൻ നീക്കിയതിനാൽ ഗ്രൂപ്പുണ്ടാക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാനാവില്ലെന്ന നിലപാടിലാണു പൊലീസ്. അതേസമയം, ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയാണെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

English Summary:

The investigation against IAS officer K. Gopalakrishnan is delayed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com