ട്വിസ്റ്റോടു ട്വിസ്റ്റ്; പാലക്കാട്ട് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം, ഇനിയെന്തൊക്കെ കാണാനിരിക്കുന്നു...!
Mail This Article
പാലക്കാട് ∙ ഒന്നര വർഷം മാത്രം കാലാവധി ബാക്കിയുള്ള നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. എന്നിട്ടും കഴിഞ്ഞ ഒരു മാസത്തിനിടെ പാലക്കാട് കണ്ടതു വിവാദങ്ങൾ നിറഞ്ഞ പ്രചാരണം. ഇന്നലെ കലാശക്കൊട്ട് കഴിഞ്ഞു നിശ്ശബ്ദ പ്രചാരണത്തിലേക്കു കടക്കുമ്പോഴും ഇനി പുതിയ ബോംബുകൾ പൊട്ടാനുണ്ടോ എന്നു സംശയം ബാക്കി.
പ്രചാരണത്തിനിടെ പാലക്കാട് കണ്ട വിവാദങ്ങളും ട്വിസ്റ്റുകളും:
ഇടഞ്ഞ് ഇടത്തേക്ക്
ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കി യുഡിഎഫ് ആദ്യം കളത്തിലിറങ്ങി. പിറ്റേന്നു കെപിസിസി ഡിജിറ്റൽ മീഡിയ സംസ്ഥാന കൺവീനർ ഡോ.പി.സരിൻ പരസ്യമായി പ്രതിഷേധമുയർത്തി. കോൺഗ്രസ് പുറത്താക്കിയ സരിൻ ഇടതു സ്ഥാനാർഥി. അതിനു മുൻപു ബിജെപി സി.കൃഷ്ണകുമാറിനെ രംഗത്തിറക്കി. ഇതോടെ ത്രികോണ മത്സരത്തിനു കളം തെളിഞ്ഞു.
ഉറഞ്ഞുതുള്ളി
സിപിഎം ജില്ലാ സെക്രട്ടറി മോശമായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നും ആരോപിച്ച് പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷൂക്കൂർ പാർട്ടി വിടുന്നുവെന്നു പറയുന്നു. അതിനു ശേഷം അദ്ദേഹത്തെ ആർക്കും ബന്ധപ്പെടാനാവുന്നില്ല. ഉച്ചകഴിഞ്ഞു ഷുക്കൂറിനെ കഴുത്തിൽ കൈചുറ്റി ചേർത്തു പിടിച്ച് സിപിഎം സംസ്ഥാന സമിതിയംഗം എൻ.എൻ.കൃഷ്ണദാസ് എൽഡിഎഫ് കൺവൻഷനിലെത്തിക്കുന്നു. ഷുക്കൂറിന്റെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകർക്കു നേരെ കൃഷ്ണദാസിന്റെ അധിക്ഷേപവർഷം.
കത്തിൽകുത്ത്
കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ശുപാർശ ചെയ്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി അയച്ചതായി പറയുന്ന കത്തു പുറത്തു വരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുൻപ് ഇങ്ങനെ പല കത്തുകളും അയയ്ക്കുമെന്നു പറഞ്ഞു നേതൃത്വം നിസ്സാരമാക്കി. കെ.മുരളീധരൻ പാലക്കാട്ടു പ്രചാരണത്തിന് എത്തില്ലെന്ന് അഭ്യൂഹം. ഒടുവിൽ, മുരളീധരൻ രാഹുലിനു വേണ്ടി പ്രചാരണത്തിനെത്തി.
വാക്കിലും നോക്കിലും
പ്രചാരണത്തിനിടെ ഒരു വിവാഹവേദിയിലെത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും മുൻ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ആശ്ലേഷിക്കുന്നു. എന്നാൽ, തൊട്ടടുത്തു നിന്നിരുന്ന പി.സരിനു നേരെ നോക്കുന്നില്ല. ‘ഞാൻ ഇപ്പുറത്തുണ്ട്’ എന്നു സരിൻ പറഞ്ഞതിനോട് ‘എപ്പോഴും അപ്പുറത്തുണ്ടാകണം’ എന്നു ഷാഫിയുടെ മറുപടി.
പെട്ടി തുറന്ന് പെട്ടു
പാലക്കാട് നഗരത്തിലെ ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ കള്ളപ്പണം കൊണ്ടുവന്നു എന്നാരോപിച്ചു പൊലീസിന്റെ പാതിരാ റെയ്ഡ്. വനിതാ പൊലീസ് ഇല്ലാതെ വനിതാ നേതാക്കളുടെ മുറി പരിശോധിക്കാൻ ശ്രമിച്ചതു വിവാദമായി. പണം കണ്ടെത്താനായില്ലെന്ന് എഴുതി നൽകി പൊലീസ് പിൻവാങ്ങിയെങ്കിലും സിപിഎം ആരോപണം ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കാട്ടി, നീല ട്രോളിയിലാണു പണം എത്തിച്ചതെന്ന് ആരോപണം.
തെളിവിന്റെ അഭാവത്തിൽ വിവാദം കത്തിത്തീർന്നു. ട്രോളി വലിച്ചെറിഞ്ഞു ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ, ഇതിനിടെ എൻ.എൻ.കൃഷ്ണദാസിന്റെ പരസ്യമായ ആഹ്വാനം.
അക്കരെ ഇക്കരെ ഇ.പി
ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പു ദിവസം ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തു വരുന്നു. പി.സരിന്റെ സ്ഥാനാർഥിത്വത്തിനെതിരെ പരാമർശം. എന്നാൽ, അത് ഇപി തള്ളി, പാർട്ടിയും തള്ളി. ഇപി പാലക്കാട്ട് പ്രചാരണത്തിനെത്തി, ‘സരിൻ ഊതിക്കാച്ചിയ പൊന്ന്’ എന്നു പരാമർശം.
പട്ടികയിലും പോര്
വോട്ടർപട്ടികയിൽ വ്യാജന്മാരുമുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ ആരോപണം. ഇടതു സ്ഥാനാർഥി പി.സരിൻ വ്യാജരേഖ ഉപയോഗിച്ചാണു വോട്ടർ പട്ടികയിൽ പേരു ചേർത്തതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വി.കെ.ശ്രീകണ്ഠൻ എംപിയും തിരിച്ചടിച്ചു. ഇതിനിടെ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസിനു പട്ടാമ്പിയിലും പാലക്കാട്ടും വോട്ടുള്ളതു ചർച്ചയായി. എൽഡിഎഫ് കലക്ടറേറ്റ് മാർച്ച് നടത്തി.
ഓപ്പറേഷൻ വാരിയർ
ബിജെപി നേതൃത്വവുമായി ഇടഞ്ഞ മുൻ സംസ്ഥാന വക്താവ് സന്ദീപ് വാരിയർ കോൺഗ്രസിലെത്തി. തിരഞ്ഞെടുപ്പിന് 5 ദിവസം മുൻപ് കോൺഗ്രസിന്റെ രഹസ്യ ഓപ്പറേഷൻ. സ്‌നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുന്നതായി സന്ദീപ്. പിറ്റേന്ന്, അദ്ദേഹം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചതിനെത്തുടർന്നു തങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ യുഡിഎഫ് നേതാക്കളുടെ പ്രതിഷേധം.