ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പാലക്കാട് പ്രസംഗത്തിൽ ‘ജമാ അത്തെ ഇസ്‌ലാമിയുടെ അനുയായി’ ആയെന്ന മട്ടിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിശേഷിപ്പിച്ചതിൽ എൽഡിഎഫിൽ അഭിപ്രായഭിന്നത. പാണക്കാട് തങ്ങൾമാർക്കെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ടെങ്കിലും തീവ്രനിലപാടുള്ളവരായി അവരെ ചിത്രീകരിക്കാൻ സിപിഎം മുൻപ് ശ്രമിച്ചിട്ടില്ല. ബാബറി മസ്ജിദ് തകർന്നപ്പോൾ  പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ പുലർത്തിയ സംയമനവും മതസൗഹാർദത്തിനു നടത്തിയ ശ്രമങ്ങളുമാണു കലാപത്തിലേക്കു കേരളത്തെ തള്ളിവിടാതിരുന്നതെന്നു സിപിഎം നേതാക്കളും സമ്മതിച്ചിട്ടുണ്ട്. അന്നു തീവ്രനിലപാട് സ്വീകരിക്കാതിരുന്ന ലീഗിന്റെ സമീപനത്തെ ഇന്നലത്തെ പ്രസംഗത്തിൽ മുഖ്യമന്ത്രി ആ നിലയിൽ വിമർശിച്ചത് വൈരുധ്യമായി. മുനമ്പം വിഷയത്തിലടക്കം അനുരഞ്ജനത്തിനു തങ്ങൾ നേതൃത്വം വഹിക്കുമ്പോഴാണ് മുഖ്യമന്ത്രി അദ്ദേഹത്തിൽ തീവ്രനിലപാട് ആരോപിച്ചത്. 

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിഭജനരാഷ്ട്രീയത്തിനു മുഖ്യമന്ത്രി മുന്നിൽ നിൽക്കുന്നെന്ന ആക്ഷേപമാണ് ലീഗ്– യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. യുഡിഎഫിൽ നിന്നു ലീഗിനെ പുകച്ചു പുറത്തുചാടിക്കാനായി അവരെ പ്രശംസിക്കുന്ന രീതി കുറെക്കാലമായി സ്വീകരിച്ച സിപിഎം ആ ലക്ഷ്യം നടക്കില്ലെന്നു വന്നതോടെ ഉപതിരഞ്ഞെടുപ്പിനു മുൻപ് കളം മാറ്റിയിരുന്നു. അന്നത്തെ ശ്രമം ഇതര സാമുദായിക വിഭാഗങ്ങളെ എതിരാക്കിയെന്നു ലോക്സഭാ തിരഞ്ഞെടുപ്പ് വിശകലനത്തിൽ അഭിപ്രായമുണ്ടായി. അതോടെ സമസ്ത ഉൾപ്പെടെയുള്ള  സംഘടനകളും ലീഗും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്ത്താനുള്ള അടവിനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. തീവ്രനിലപാടാണ് ലീഗിനെന്ന് വരുത്തിത്തീർത്ത് മറ്റുള്ളവരുടെ പിന്തുണ തേടാനായിരുന്നു ശ്രമം.

ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയരെ പാണക്കാട് തറവാട്ടിൽ സ്വീകരിച്ച ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. കേരളമാകെ ചർച്ച ചെയ്ത മുഖ്യമന്ത്രിയുടെ ആ വിവാദ പ്രസ്താവന പാർട്ടിപ്പത്രം പ്രസംഗത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമായുള്ള സിപിഎമ്മിന്റെ ബന്ധം തുറന്നുകാട്ടാൻ ലീഗ് ആലോചിക്കുന്നുണ്ട്. ഇതുവരെ നടന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 2 സംഘടനകളും കൂടുതൽ തവണ പിന്തുണച്ചത് ഇടതുപക്ഷത്തെയാണെന്ന് അവർ വാദിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ യുഡിഎഫ് വേണ്ടെന്നു പറഞ്ഞത് ഓർമിപ്പിക്കുന്നു. പുറത്ത് ഇങ്ങനെ നടിക്കുന്ന ലീഗ് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഈ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുകയാണ് ചെയ്തതെന്ന് സിപിഎമ്മും ആരോപിക്കുന്നു.

English Summary:

Pinarayi Vijayan's Reference to Panakkad Sadiqali Shihab Thangal Sparks Disagreement in LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com