കരട് റിപ്പോർട്ട് റേഷൻ കടയിലും അക്ഷയ കേന്ദ്രത്തിലും വരെ
Mail This Article
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ടും വിജ്ഞാപനവും അതത് ഗ്രാമപ്പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ, ജില്ലാ കലക്ടറേറ്റുകൾ എന്നിവയിലെ നോട്ടിസ് ബോർഡിലും വെബ്സൈറ്റിലും ജനങ്ങൾക്കു പരിശോധിക്കാം. https;//www.delimitation.lsgkerala.gov.in എന്ന കമ്മിഷൻ വെബ്സൈറ്റിലും ലഭ്യമാണ്. കൂടാതെ വാർഡ് കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, വില്ലേജ് ഓഫിസുകൾ, വായനശാലകൾ, റേഷൻ കടകൾ, വാർത്താബോർഡുകൾ എന്നിവയിലും പ്രസിദ്ധപ്പെടുത്തും. വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന വിവരം അതത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രദേശത്തു പ്രചാരമുള്ള 2 ദിനപത്രങ്ങളിലും പ്രസിദ്ധീകരിക്കണം. ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ആവശ്യക്കാരുടെ റഫറൻസിനായി ഇവ സൂക്ഷിക്കണം. അംഗീകാരമുള്ള രാഷ്ട്രീയപ്പാർട്ടികൾക്കു കരട് റിപ്പോർട്ടിന്റെ 3 പകർപ്പുകൾ വീതം സൗജന്യമായി നൽകും. മറ്റുള്ളവർ ആവശ്യപ്പെട്ടാൽ പേജ് ഒന്നിന് 3 രൂപയും ജിഎസ്ടിയും ഈടാക്കി നൽകണം.
പരാതികളും ആക്ഷേപങ്ങളും ഡിസംബർ 3 വരെ
കരട് റിപ്പോർട്ടിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബർ 3 വരെ നൽകാം. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ കലക്ടർക്കോ നേരിട്ടും റജിസ്റ്റേഡ് തപാലിലും സമർപ്പിക്കാം. ഇവ പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് തയാറാക്കും. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ പരാതിക്കാരെ നേരിട്ടു കേൾക്കും. കലക്ടർ വ്യക്തമായ ശുപാർശകളോടു കൂടി ഡീലിമിറ്റേഷൻ കമ്മിഷന് ഡിസംബർ 26നു മുൻപ് റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ, കമ്മിഷൻ പരാതിക്കാരെ നേരിൽ കേൾക്കും. അതിനു ശേഷം ആദ്യഘട്ട വാർഡ് പുനർവിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.