തദ്ദേശ സ്ഥാപനങ്ങളിൽ 1510 വാർഡുകൾ കൂടി; വിജ്ഞാപനമായി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകൾ വിഭജിച്ചു കൊണ്ടുള്ള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ കരട് വിജ്ഞാപനം ഇറങ്ങി. വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവും ആണ് വിജ്ഞാപനത്തിൽ. 1510 വാർഡുകൾ കൂടും. 6 കോർപറേഷനുകളിൽ കൊച്ചിയിൽ രണ്ടും മറ്റിടങ്ങളിൽ ഒന്നു വീതവും വാർഡുകളാണു വർധിക്കുന്നത്. 79 നഗരസഭകളിലായി 128 വാർഡുകളും 886 ഗ്രാമപ്പഞ്ചായത്തുകളിലായി 1375 വാർഡുകളും വർധിക്കും. 55 ഗ്രാമപ്പഞ്ചായത്തുകളിലും 8 നഗരസഭകളിലും വാർഡുകൾ കൂടിയിട്ടില്ല.
ഇടുക്കി ജില്ലയിലെ മൂന്നാർ, ദേവികുളം, പീരുമേട് പഞ്ചായത്തുകളിലായി ഓരോ വാർഡ് കുറഞ്ഞിട്ടുണ്ട്. വാർഡുകളുടെ എണ്ണത്തിൽ വരുത്തിയ മാറ്റം, തദ്ദേശ സ്ഥാപനങ്ങളിലെ 2011ലെ ജനസംഖ്യ എന്നിവയാണ് വിഭജനത്തിന്റെ അടിസ്ഥാനം. വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളിലെ ജനസംഖ്യ ഏറക്കുറെ ഒരു പോലെ ക്രമീകരിക്കുന്നതിനായി അതിർത്തികൾ മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഡിവിഷൻ (വാർഡ്) വിഭജനം ഇനി അടുത്ത 2 ഘട്ടങ്ങളിലായി നടക്കും.
കേസ് ഹൈക്കോടതി 28ന് പരിഗണിക്കും
കൊച്ചി ∙ വാർഡ് വിഭജനത്തിൽ ഭരണഘടനാ ലംഘനം ആരോപിച്ച് കേരള എൽഎസ്ജി എംപ്ലോയീസ് ഫെഡറേഷൻ നൽകിയ ഹർജി ഈ മാസം 28നു ഹൈക്കോടതി പരിഗണിക്കും. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലാണ് സിപിഐ അനുകൂല ഫെഡറേഷൻ കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിനാൽ അന്ന് ഹർജി പരിഗണിച്ചില്ല. 2020 ലെ തിരഞ്ഞെടുപ്പിൽ വീണ്ടും സമീപിച്ചെങ്കിലും കോവിഡ് മൂലം വാദം നീണ്ടു.