അയോധ്യ പ്രക്ഷോഭ കാലം; സമാധാനാന്തരീക്ഷം നിലനിർത്തിയത് കൊടപ്പനയ്ക്കൽ തറവാട്: ക്ലീമീസ് ബാവാ
Mail This Article
തിരുവനന്തപുരം∙ അയോധ്യ പ്രക്ഷോഭകാലത്ത് കേരളത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തിയത് കൊടപ്പനയ്ക്കൽ തറവാട് ആയിരുന്നുവെന്ന്് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ. സംസ്ഥാനത്തെ മതസൗഹാർദ മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുന്ന കൊടപ്പനയ്ക്കൽ തറവാടിനു കേരളത്തോടു വലിയ ആത്മീയമായ അടുപ്പമുണ്ട്.
സംഭവിക്കാമായിരുന്ന എല്ലാ അപകടങ്ങളെയും തരണം ചെയ്തത് ആ തറവാട്ടിലെ മനുഷ്യസ്നേഹിയായ, കേരളത്തിന്റെ ശബ്ദമായിരുന്ന പിതാമഹനിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷൻ (സിസിസി) തിരുവനന്തപുരം ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പറഞ്ഞതിന് മറുപടിയില്ല: സാദിഖലി തങ്ങൾ
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു മറുപടി പറയാനില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുഖ്യമന്ത്രി ഇരുത്തംവന്ന രാഷ്ട്രീയ നേതാവാണ്. രാഷ്ട്രീയത്തിൽ പരസ്പരം കലഹിക്കാമെങ്കിലും വർഗീയതയെ ചേർത്തുപിടിക്കുന്ന സാഹചര്യം ഒരിക്കലുമുണ്ടാകരുത്. മുനമ്പത്തെ ജനങ്ങളെ ഇറക്കിവിടുന്ന സാഹചര്യം ഉണ്ടായിക്കൂടാ. കൂടിയാലോചനകളിലൂടെ മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം.