മുണ്ടക്കൈ–ചൂരൽമല ഉരുൾ ബാധിത കുടുംബങ്ങൾ 983, ടൗൺഷിപ് പദ്ധതിയിൽ 396 വീട്ടുകാർ മാത്രം!
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടികയിൽനിന്നു ദുരന്തബാധിതരിലെ ബഹുഭൂരിപക്ഷം പേരെയും ഒഴിവാക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെടുകയും വാസയോഗ്യമല്ലാതായിത്തീരുകയം ചെയ്ത 983 കുടുംബങ്ങൾ വാടകവീടുകളിൽ കഴിയുമ്പോഴും കരട് പട്ടികയിൽ ഇടം നേടിയത് 396 കുടുംബങ്ങൾ മാത്രം. മുണ്ടക്കൈ വാർഡിലെ 142 കുടുംബങ്ങളെയും ചൂരൽമല വാർഡിലെ 141 കുടുംബങ്ങളെയും അട്ടമല വാർഡിലെ 113 കുടുംബങ്ങളെയും മാത്രമേ പട്ടികയിൽ ഉൾപെടുത്തിയുള്ളൂ.
കരട് പട്ടിക തയാറാക്കാൻ, ജോൺ മത്തായി സമിതി റിപ്പോർട്ടിലെ സുരക്ഷിത സ്ഥാനങ്ങൾ മാനദണ്ഡമാക്കിയതാണ് അപാകതയ്ക്കിടയാക്കിയതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.ഉരുൾജലം ഒലിച്ചെത്തിയ പുന്നപ്പുഴയുടെ 30 മീറ്റർ പരിധിക്കുള്ളിലെ കുടുംബങ്ങളെ ഉൾപ്പെടുത്തി പട്ടിക തയാറാക്കാനായിരുന്നു നിർദേശമെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതർ പറയുന്നു. 50 മീറ്റർ വരെ ദൂരപരിധിയിലുള്ള കുടുംബങ്ങളെ ഉൾപ്പെടുത്താൻ തീരുമാനമായിട്ടും പൂർണമായി നശിച്ച ഒട്ടേറെ വീടുകളും വാസയോഗ്യമല്ലാതായ വീടുകളും പട്ടികയിൽനിന്ന് ഒഴിവായി. നിർമാണം നടന്നുകൊണ്ടിരുന്ന പല വീടുകളും പഞ്ചായത്തിന്റെ നമ്പർ കിട്ടിയില്ലെന്ന കാരണത്താലും കരട് പട്ടികയിൽനിന്നു പുറത്തായി.
ദുരന്തമുണ്ടായി ഒരുമാസത്തിനുള്ളിൽത്തന്നെ താൽക്കാലിക പുനരധിവാസം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഇവരെയെല്ലാം ടൗൺഷിപ് പദ്ധതിയിൽ പുനരധിവസിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചതോടെ ടൗൺഷിപ്പിനുള്ള ഭൂമിയേറ്റെടുക്കൽ നിയമക്കുരുക്കിലായി. നിശ്ചയിച്ചതിലും ഒരുമാസം വൈകി പുറത്തിറങ്ങിയ ഗുണഭോക്തൃപട്ടികയിലും അപാകതകളുണ്ടായതോടെ ടൗൺഷിപ് പദ്ധതി ഇനിയും വൈകാനാണിട.
ആദ്യഘട്ട പട്ടികയുടെ കരടാണ് പുറത്തുവന്നതെന്നും പരാതികൾ പരിഗണിച്ച് എല്ലാ ദുരന്തബാധിതരെയും പുനരധിവസിപ്പിക്കുമെന്നുമാണ് റവന്യു അധികൃതരുടെ വിശദീകരണം. കരട് തയാറാക്കുന്നതിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചില്ലെന്നും ഉദ്യോഗസ്ഥരാണു പട്ടിക തയാറാക്കിയതെന്നുമാണ് മേപ്പാടി പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ പറയുന്നത്. 25ന് സർവകക്ഷിയോഗം ചേർന്ന് എല്ലാ ദുരന്തബാധിതരെയും ഉൾപ്പെടുത്തിയ ഗുണഭോക്തൃപട്ടിക വേണമെന്ന് ആവശ്യപ്പെടാനാണു നീക്കം.