സ്വർണക്കടത്ത് കേസ്: ഇ.ഡിക്ക് താൽപര്യം ഇല്ലെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ നയതന്ത്ര സ്വർണക്കടത്തു കേസിലെ വിചാരണ കേരളത്തിൽനിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന സ്വന്തം ഹർജിയെ ഇ.ഡി ഗൗരവത്തോടെ കാണുന്നതായി തോന്നുന്നില്ലെന്നു സുപ്രീം കോടതിയുടെ വിമർശനം. ഇ.ഡിയുടെ അഭ്യർഥന പ്രകാരം കേസ് പരിഗണിക്കുന്നത് ആറാഴ്ചത്തേക്കു മാറ്റിയപ്പോഴായിരുന്നു ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.
അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവിന്റെ അസാന്നിധ്യമാണ് കേസ് മാറ്റിവയ്ക്കാൻ കാരണമായി ഇ.ഡി ചൂണ്ടിക്കാട്ടിയത്. ‘ഒന്നുകിൽ രാജു കാണില്ല. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ. കേസിൽ ഇ.ഡിക്കു താൽപര്യമുള്ളതായി തോന്നുന്നില്ല’ – ജസ്റ്റിസ് റോയ് വിമർശിച്ചു.
ഹർജി ബെംഗളൂരുവിലേക്കു മാറ്റണമെന്ന ആവശ്യത്തെ ഇപ്പോൾ ഇ.ഡി പിന്തുണയ്ക്കുന്നതായി തോന്നുന്നില്ലെന്നു കേരള സർക്കാരിനു വേണ്ടി ഹാജരായ കപിൽ സിബലും ചൂണ്ടിക്കാട്ടി. ഇ.ഡിക്കു കേസിൽ താൽപര്യം നഷ്ടപ്പെട്ടെന്ന തോന്നലുണ്ടെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയാണു ബെഞ്ച് ഹർജി ആറാഴ്ചത്തേക്കു മാറ്റിയത്. ഇ.ഡിയുടെ വൈമുഖ്യത്തെ നേരത്തേയും സുപ്രീം കോടതി വിമർശിച്ചിരുന്നു. സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയും കേരള സർക്കാരിനായി ഹാജരായി.
സ്വർണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു തുടർവിചാരണ കേരളത്തിൽനിന്നു മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടത്.