വൈദ്യുതി പ്രശ്നത്തിൽ പരാതി പറയാതെ പരിഹാരം നോക്കണം: കെഎസ്ഇബിയോട് റഗുലേറ്ററി കമ്മിഷൻ
Mail This Article
തിരുവനന്തപുരം ∙ കെഎസ്ഇബി വൈദ്യുതി ലൈൻ വലിക്കുന്നതിലെ എതിർപ്പ് ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്നങ്ങളിൽ പരാതി പറയാതെ എങ്ങനെ പരിഹരിക്കുമെന്ന് ആലോചിക്കാൻ കെഎസ്ഇബിയോട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. മലപ്പുറം ജില്ലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ റോഡിലൂടെ ലൈൻ വലിക്കുന്നതിനു പോലും ചിലർ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് കെഎസ്ഇബി അധികൃതർ പരാതിപ്പെട്ടപ്പോഴായിരുന്നു കമ്മിഷന്റെ നിർദേശം. മലപ്പുറത്തെ വൈദ്യുതി പ്രശ്നം പതിറ്റാണ്ടുകളായി ഉള്ളതാണെന്നും വേഗം തീർക്കുന്നതിനെപ്പറ്റി ബോർഡ് ആലോചിക്കുന്നില്ലേ എന്നും കമ്മിഷൻ അഭിപ്രായപ്പെട്ടപ്പോഴാണ് പ്രാദേശിക എതിർപ്പ് കെഎസ്ഇബി ചൂണ്ടിക്കാട്ടിയത്.
ദേശീയപാത നിർമിച്ചപ്പോഴും ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ചപ്പോഴും എങ്ങനെയാണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്ന് പഠിക്കണം. എതിർക്കുന്നവരെ കുറ്റം പറയുന്നതിനു പകരം പ്രശ്നങ്ങൾ പരമാവധി പരിഹരിച്ചും ഉറപ്പുകൾ നൽകിയും അവരെ വിശ്വാസത്തിലെടുക്കണം. ജില്ലാ വികസന സമിതി യോഗത്തിലും ആസൂത്രണ സമിതിയിലും കെഎസ്ഇബി പ്രതിനിധികൾ പങ്കെടുക്കണം. ബോർഡിന്റെ വികസന പദ്ധതികളുടെ വാർത്തകൾ ജനങ്ങളിലെത്തിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
കാസർകോട്ട് പ്രത്യേക പാക്കേജ് നടപ്പാക്കാൻ കർണാടക സർക്കാരിന്റെ പിന്തുണ കൂടി ലഭ്യമാക്കാൻ സംസ്ഥാനാന്തര ഏകോപനത്തിന് നടപടി സ്വീകരിക്കണം. മൂലധന നിക്ഷേപ പ്രവർത്തനങ്ങൾ സമയപരിധി പാലിക്കാതെ ചെലവു വർധിക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കരുതെന്നും കമ്മിഷൻ നിർദേശിച്ചു.