ADVERTISEMENT

കോട്ടയം ∙ കേരളത്തെ ഭയപ്പാടിലാഴ്ത്തിയ ‘കുറുവ’ മോഷണസംഘത്തിൽനിന്നു വീണ്ടെടുത്ത കോടിക്കണക്കിനു രൂപയുടെ സ്വർണം 40 വർഷമായി സംസ്ഥാനത്തെ വിവിധ കോടതികളിൽ തൊണ്ടിമുതലായി കെട്ടിക്കിടക്കുന്നു. കൊച്ചി കുണ്ടന്നൂർ മേൽപാലത്തിനു താഴെനിന്നു കുറുവ സംഘാംഗം സന്തോഷ് ശെൽവം (25) പിടിയിലായതിനെത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു തൊണ്ടിമുതൽ സ്വർണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കേരളത്തിനു പുറമേ കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും കുറുവ സംഘം മോഷണത്തിനു പോകാറുണ്ട്. പല സംഘങ്ങളായാണു പ്രവർത്തനമെന്നതിനാൽ ഇവരെ പൂർണമായും തുരത്താൻ കഴിയില്ലെന്നാണു പൊലീസിന്റെ വിലയിരുത്തൽ. 

കുറുവ സംഘാംഗങ്ങൾ അറസ്റ്റിലാകുമ്പോൾ മോഷണ മുതലായ സ്വർണം പൊലീസ് വീണ്ടെടുക്കും. മോഷ്ടാക്കൾ പലപ്പോഴും ജാമ്യം നേടി മുങ്ങും. പിന്നീട് ഇവരെക്കുറിച്ചു വിവരമുണ്ടാകില്ല. പിടിച്ചെടുത്ത സ്വർണം തൊണ്ടിമുതലായി കോടതിയിൽ സൂക്ഷിക്കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ സന്തോഷും പല കേസുകളിലായി ഇത്തരത്തിൽ ജാമ്യം നേടി മുങ്ങിനടക്കുകയായിരുന്നു. 1980 മുതൽ കുറുവ സംഘം കേരളത്തിലെത്താറുണ്ടെന്നു പൊലീസ് വൃത്തങ്ങൾ പറയുന്നു.

മുൻകാലങ്ങളിൽ പൊലീസ് പിടിച്ച കുറുവ സംഘങ്ങളിൽ പലരും 50നും 60നും ഇടയിൽ പ്രായമുള്ളവരായിരുന്നു. 30 വർഷം മുൻപ് ഇത്തരത്തിൽ ജാമ്യത്തിലിറങ്ങി തിരിച്ചുവരാത്ത പ്രതികൾ ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്നു പോലും വ്യക്തമല്ല. പരാതിക്കാർക്കു കോടതി മുഖേന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഉപാധികളോടെ സ്വർണം തിരികെ ലഭിക്കുമെന്നാണു നിയമമെങ്കിലും ഭൂരിഭാഗം പേർക്കും കിട്ടിയിട്ടില്ല. 

English Summary:

Kuruva Gang's Stolen Riches: Crores Worth of Gold Held in Court as Evidence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com