സർക്കാർതല അപേക്ഷകളിൽ ലിംഗ നിഷ്പക്ഷത; ‘ഭാര്യ/ ഭർത്താവ്’ പുറത്ത്; ഇനി ‘ജീവിതപങ്കാളി’ മതി
Mail This Article
തിരുവനന്തപുരം ∙ സർക്കാർ അപേക്ഷാ ഫോമുകളിൽ അടിയന്തരമായി ലിംഗ നിഷ്പക്ഷത സ്വീകരിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശുപാർശ. ഇതനുസരിച്ച് ‘ഭാര്യ’/ ‘ഭർത്താവ്’ എന്നതിനു പകരം ‘ജീവിത പങ്കാളി’ എന്ന് പ്രയോഗിക്കണമെന്നു സർക്കാർ നിർദേശിച്ചു.
വ്യക്തികളുടെ പരിമിതികൾ പ്രകടമാക്കുന്ന പേരുകളും ഒഴിവാക്കും. ആദ്യപടിയായി ‘കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന്റെ (കേരള സ്റ്റേറ്റ് ഹാൻഡികേപ്ഡ് പഴ്സൻസ് വെൽഫെയർ കോർപറേഷൻ) പേരാണ് മാറുക. പകരം ‘കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ കോർപറേഷൻ’ എന്നാക്കാൻ നിർദേശിച്ചു. ബൈലോ ഭേദഗതി ചെയ്ത് പുതിയ പേര് സ്വീകരിക്കുമെന്ന് ചെയർപഴ്സൻ ജയ ഡാളി അറിയിച്ചു. വിവേചനം നിലനിൽക്കുന്ന മറ്റു പേരുകളുണ്ടെങ്കിൽ പൊതുജനങ്ങൾക്കു നിർദേശിക്കാമെന്ന് ഭാഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സർക്കാർ അപേക്ഷകളിൽ, വ്യക്തിക്ക് ഒന്നിലധികം രക്ഷാകർത്താക്കളുണ്ടെങ്കിൽ എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്താൻ അവസരം നൽകണം. അപേക്ഷകൾക്ക് ഒടുവിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പ്രയോഗവും വേണ്ട. പകരം ‘അഭ്യർഥിക്കുന്നു’ അല്ലെങ്കിൽ ‘അപേക്ഷിക്കുന്നു’ എന്നു മതിയാകും. പിന്നാക്ക വിഭാഗങ്ങളെ സൂചിപ്പിക്കുന്നതിനായി പ്രയോഗിക്കുന്ന ‘കീഴാളർ’ എന്ന പ്രയോഗം ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.