അപകടത്തിൽ തളർന്നു കിടപ്പിലായ കുട്ടിക്ക് നഷ്ടപരിഹാരം വർധിപ്പിച്ച് ഹൈക്കോടതി
Mail This Article
മൂവാറ്റുപുഴ∙ കുടുംബത്തിലെ 3 പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകത്തിൽ പരുക്കേറ്റ്, എട്ടുവർഷമായി പൂർണമായി തളർന്നു കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉൾപ്പെടെ ഇത് 2 കോടി രൂപയോളം വരും. പരുക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് (അമ്പാടി–12) നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.
എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ തള്ളിയ ഹൈക്കോടതി, നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീൽ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിനു വേണ്ടി പിതാവ് രാജേഷ് കുമാർ നൽകിയ അപ്പീൽ ജസ്റ്റിസ് എസ്. ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് ഉത്തരവ്.
മൂവാറ്റുപുഴ എംഎസിടി കോടതി 2020ൽ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. ഒരു നഷ്ടപരിഹാരത്തുകയും കുട്ടിക്ക് നഷ്ടപ്പെട്ട ബാല്യകാലം മടക്കി നൽകില്ലെന്ന് 8 വർഷമായി കുട്ടി തളർന്നു കിടക്കുന്നതു ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. 2016 ഡിസംബർ 3നു രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിനു സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി ആനകുത്തിയിൽ രാധ(60) രജിത (30) നിവേദിത (6) എന്നിവർ മരിച്ചു. നവമി, രാധയുടെ മകൾ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു.
അപകടം നടക്കുമ്പോൾ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് 4 വയസ്സായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്. ഹൈക്കോടതി കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് നഷ്ടപരിഹാരം വർധിപ്പിച്ചത്. ഭാവി ചികിത്സയ്ക്കുള്ള തുകയായി 3 ലക്ഷം രൂപയും ഹൈക്കോടതി അധികമായി ചേർത്തു. സഹായിക്കോ പരിചരിക്കുന്ന ആൾക്കോ ഉള്ള തുക 10 ലക്ഷത്തിൽ നിന്ന് 37.80 ലക്ഷമായി ഉയർത്തി, പെയിൻ ആൻഡ് സഫറിങ് ചാർജ് 3 ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കി. അപകടത്തിൽ സംഭവിച്ച സ്ഥിര വൈകല്യത്തിന് 11.08 ലക്ഷമാണ് എംഎസിടി കോടതി വിധിച്ചത്. ഇത് 43.65 ലക്ഷമായും ഉയർത്തി. ജ്യോതിസ് രാജിനു വേണ്ടി എംഎസിടി കോടതിയിൽ എൻ.പി. തങ്കച്ചനും ഹൈക്കോടതിയിൽ എസ്. ശ്രീദേവും ഹാജരായി.