ADVERTISEMENT

തിരുവനന്തപുരം ∙ പാലക്കാട്ടെ കനത്തതോൽവിക്കു പിന്നാലെ ബിജെപിയിൽ നേതൃമാറ്റം വീണ്ടും ചർച്ചയായേക്കും. വോട്ടു ചോർന്നെന്നും സ്ഥാനാർഥി നിർണയം ഏകപക്ഷീയമായിരുന്നെന്നുമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നുകഴിഞ്ഞു. കഴിഞ്ഞതവണ ഇ.ശ്രീധരനു വ്യക്തിപരമായി വോട്ടുകൾ ലഭിച്ചെന്ന നേതൃത്വത്തിന്റെ ന്യായീകരണം മറുവിഭാഗം മുഖവിലയ്ക്കെടുക്കണമെന്നില്ല.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനു ലഭിച്ച 40,076 വോട്ട് 8 വർഷത്തിനുശേഷം 37,293 ആയി കുറഞ്ഞു. സംഘടനാപ്രശ്നങ്ങൾ ഇതിനു കാരണമായെന്ന വാദമാണ് സുരേന്ദ്രൻവിരുദ്ധപക്ഷം ഉയർത്തുന്നത്. ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു പൊതുവേ വോട്ടു വർധിക്കാറില്ലെന്ന സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഇന്നലത്തെ വിശദീകരണത്തെ ചില നേതാക്കൾ പരസ്യമായി തള്ളി. പാലക്കാട്ടെ ‘തന്ത്രങ്ങൾ’ ഒന്നുമില്ലാതെ തൃശൂർ ജില്ലാ കമ്മിറ്റി മാത്രം നേതൃത്വമേറ്റെടുത്ത ചേലക്കരയിൽ പതിനായിരത്തോളം വോട്ടു കൂടിയെന്നു ബിജെപി വക്താവ് സന്ദീപ് വാചസ്പതി സമൂഹമാധ്യമ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുൻപുതന്നെ പാലക്കാട്ട് സി.കൃഷ്ണകുമാർ സ്ഥാനാർഥിയെന്ന മട്ടിൽ സംസ്ഥാനനേതൃത്വം മുന്നോട്ടുപോയിരുന്നു. ശോഭ സുരേന്ദ്രന്റെ പേരുയർന്നെങ്കിലും സംസ്ഥാന നേതൃത്വം വെട്ടി. ശോഭയായിരുന്നെങ്കിൽ ഫലം ഇതാകുമായിരുന്നില്ലെന്ന വാദമാണ് മറുപക്ഷത്തിന്റേത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചില മുതിർന്ന നേതാക്കളും ശോഭയുടെ പേര് ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും കൃഷ്ണകുമാറിനാണ് വിജയസാധ്യതയെന്ന് ഔദ്യോഗികപക്ഷം തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം.

പാലക്കാട്ടു താമസിച്ച് ബുത്തുതലം മുതലുള്ള പ്രചാരണത്തിനു നേതൃത്വം കൊടുത്ത കെ.സുരേന്ദ്രൻ, തന്റെ പക്ഷത്തെ നേതാക്കളെയാണ് പ്രധാനമായും ആശ്രയിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് തുടങ്ങിയ മുതിർന്ന നേതാക്കൾക്കു വലിയ റോൾ ഉണ്ടായില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു ദിവസം മാത്രമാണെത്തിയത്. പിന്നീട്, അപകടം മണത്ത് ശോഭ സുരേന്ദ്രനെ കളത്തിലിറക്കി. 

പ്രസിഡന്റ് സ്ഥാനത്ത് 5 വർഷത്തിലേക്ക് അടുക്കുകയാണ് കെ.സുരേന്ദ്രൻ. 3 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. ബൂത്ത് പ്രസിഡന്റ് മുതൽ ദേശീയ ഭാരവാഹികൾ വരെയുള്ളവരിൽ 4 വർഷം പൂർത്തിയാക്കിയവരെ മാറ്റാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതോടൊപ്പം സംസ്ഥാന പ്രസിഡന്റുമാരും മാറുമെന്ന സൂചനയുണ്ട്. എന്നാൽ, 2025ൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുവരെ തൽസ്ഥിതി നിലനിർത്താനുള്ള ശ്രമത്തിലാണ് ഒൗദ്യോഗികപക്ഷം.

English Summary:

Palakkad by-election loss plunges Kerala BJP into crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com