ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപിയുടെ സ്വാധീനമേഖലയായ പാലക്കാട് നഗരസഭ ലക്ഷ്യമിട്ടു കോൺഗ്രസ് നടത്തിയ നീക്കങ്ങളാണു രാഹുൽ മാങ്കൂട്ടത്തിലിനു റെക്കോർഡ് ഭൂരിപക്ഷം ഉറപ്പാക്കിയത്. വി.ഡി.സതീശൻ, കെ.സുധാകരൻ, പാലക്കാടിന്റെ ചുമതലയുള്ള ബെന്നി ബഹനാൻ, വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായി പദ്ധതി തയാറാക്കിയത്. മുൻപു മത്സരിച്ചപ്പോൾ ഷാഫിക്കു പ്രചാരണത്തിന് എത്താൻ കഴിയാതിരുന്ന മൂത്താന്തറയിൽ ഇക്കുറി കയറുമെന്ന് ഉറപ്പിച്ചു.

ആർഎസ്എസ് – ബിജെപി കോട്ടയായ ഇവിടേക്കു ജില്ലയ്ക്കു പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചെറു സ്ക്വാഡുകളെ കയറ്റി. ആളും ആരവുമില്ലാതെ ഇവർ വീടുകൾ കയറിയിറങ്ങി വോട്ടു പിടിച്ചു.മറ്റു നീക്കങ്ങൾ ഇവ:

എ, ബി, സി ബൂത്ത്

ലോക്സഭാ തിര‍ഞ്ഞെടുപ്പിനു പിന്നാലെ ബൂത്തുകളെ കോൺഗ്രസ് മൂന്നായി തിരിച്ചു – പാർട്ടിക്കു കരുത്തുള്ളവ (എ), സ്വാധീനമുള്ളവ (ബി), ഒട്ടും കരുത്തില്ലാത്തവ (സി). ‘എ’ ബൂത്തുകളിൽ ഒരുമാസത്തിനകം 10 വോട്ടുകൾ വീതം അധികം ചേർക്കാൻ പ്രത്യേക സ്ക്വാഡുകളെ രംഗത്തിറക്കി. ‘ബി’ ബൂത്തുകളിൽ 50 വോട്ടുകളായിരുന്നു ലക്ഷ്യം. ‘സി’ ബൂത്തുകളെ ഒരുമാസം കൊണ്ട് ‘ബി’ ഗണത്തിലെത്തിച്ചു.

ഫാസ്റ്റായി പോസ്റ്റർ

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഒക്ടോബർ 15നു രാത്രിതന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പിറ്റേന്ന് ആദ്യ സെറ്റ് പോസ്റ്ററുകളും തിരഞ്ഞെടുപ്പു സാമഗ്രികളും മണ്ഡലത്തിലെത്തിച്ചു. 19ന് കോൺഗ്രസ് സ്ക്വാഡുകൾ വീടുകയറി പ്രചാരണം തുടങ്ങുമ്പോഴും ബിജെപിയും സിപിഎമ്മും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല.

കുടുംബയോഗക്കരുത്ത്

വലിയ പ്രചാരണസമ്മേളനങ്ങളെക്കാൾ പ്രാദേശികതലത്തിലെ ചെറിയ കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവിടെ സംസാരിക്കാൻ സംസ്ഥാന നേതാക്കളെ രംഗത്തിറക്കി. മണ്ഡലത്തിലാകെ 168 കുടുംബയോഗങ്ങളാണു സംഘടിപ്പിച്ചത്.

സജീവമായ അണിയറ

വോട്ടെടുപ്പിനു തൊട്ടുമുൻപു സന്ദീപ് വാരിയരെ ഒപ്പമെത്തിച്ച് എതിരാളികളെ ഞെട്ടിച്ച കോൺഗ്രസ്, ബിജെപിയെ മലർത്തിയടിക്കാൻ അണിയറയിലെ രഹസ്യ ആസൂത്രണത്തിലൂടെ കളത്തിലിറക്കിയ മറ്റൊരാളുണ്ട് – തിരൂർ സതീഷ്. കൊടകര കുഴൽപണക്കേസിൽ ബിജെപിയുടെ പങ്കു സംബന്ധിച്ച് തിരൂർ സതീഷിന്റെ പക്കലുള്ള വിവരങ്ങൾ കോൺഗ്രസ് നേതൃത്വത്തിനാണ് ആദ്യം ലഭിച്ചത്. 

അവ വെളിപ്പെടുത്താൻ അദ്ദേഹത്തിനു കോൺഗ്രസ് സൗകര്യമൊരുക്കി. സതീഷ് പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങൾക്കു പിന്നിൽ ശോഭ സുരേന്ദ്രനാണെന്നു ബിജെപിയിൽ ഒരുവിഭാഗം രഹസ്യമായും മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നു ശോഭ പരസ്യമായും ആരോപണമുന്നയിച്ചു പോരാടിയപ്പോൾ കോൺഗ്രസ് നിശ്ശബ്ദമായി മാറിനിന്നു. 

English Summary:

Congress conquers Palakkad: Decoding the winning election strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com