ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തു വാട്സാപ് അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്തു പണം തട്ടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്തശേഷം ഉടമയുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരോടും ഗ്രൂപ്പുകളിലുള്ളവരോടും പണം ആവശ്യപ്പെടുകയാണു രീതി. വാട്സാപ് അക്കൗണ്ടിലെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ തട്ടിയെടുത്തു ബ്ലാക്ക്മെയിൽ ചെയ്യാനും ശ്രമങ്ങളുണ്ടെന്നു പൊലീസ് പറയുന്നു. 

അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായുള്ള നൂറുകണക്കിനു പരാതികളാണു പൊലീസിനും സൈബർ സെല്ലിനും ലഭിക്കുന്നത്. ഒടിപി നമ്പർ ആവശ്യപ്പെട്ട് പരിചിതർ മെസേജ് അയച്ചാലും മറുപടി നൽകരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

തട്ടിപ്പ് ഇങ്ങനെ

∙ അബദ്ധത്തിൽ ഒരു ആറക്ക നമ്പർ എസ്എംഎസ് ആയി അയച്ചുപോയെന്നും അതു വാട്സാപ്പിൽ ഫോർവേഡ് ചെയ്തുനൽകാനും ആവശ്യപ്പെട്ടുള്ള മെസേജിൽനിന്നാണു തുടക്കം. നേരത്തേ ഹാക്ക് ചെയ്യപ്പെട്ടവരുടെ വാട്സാപ്പിൽനിന്നാകും ഈ മെസേജ്.

∙ ഒടിപി അയച്ചുകൊടുത്താൽ അതോടെ നമ്മുടെ വാട്സാപ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. തുടർന്ന് നമ്മൾ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പുകളിലെ അംഗങ്ങൾക്കും ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ധനാഭ്യർഥനകളും അയയ്ക്കുകയാണു ചെയ്യുന്നത്.

അപകടമേറെ

തട്ടിപ്പിന് ഇരയാകുന്നവരുടെ വാട്സാപ് ഗ്രൂപ്പുകളിലേക്കും കോണ്ടാക്ട് ലിസ്റ്റിലുള്ള ഒട്ടേറെപ്പേരുടെ അക്കൗണ്ടുകളിലേക്കും വളരെ വേഗം കടന്നുകയറാൻ തട്ടിപ്പുകാർക്കു കഴിയുന്നു. ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ചുള്ള തട്ടിപ്പിൽനിന്നു വ്യത്യസ്തമായി, ഇരയുടെ യഥാർഥ വാട്സാപ് അക്കൗണ്ട് തന്നെ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകുന്നു. ഇതേസമയം, വാട്സാപ് ഹാക്ക് ചെയ്തതറിഞ്ഞ് ഇര തന്നെ വിവിധ ഗ്രൂപ്പുകളിൽ നൽകുന്ന മുന്നറിയിപ്പു മെസേജ് തട്ടിപ്പുകാർ കണ്ടെത്തി ഡിലീറ്റ് ചെയ്യും.

ഒരു അനുഭവകഥ

കൊച്ചിയിലെ പുതിയ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ കഴിഞ്ഞദിവസം യോഗം ചേർന്ന് വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. അധികം വൈകാതെ, അവരിലൊരാൾക്ക് ഒടിപി നമ്പർ ചോദിച്ച് കൂട്ടത്തിലെ മറ്റൊരാളുടെ മെസേജ് ലഭിച്ചു. സംശയിക്കാതെ ഒടിപി നമ്പർ കൊടുക്കുകയും ചെയ്തു. ഇങ്ങനെ ഹാക്ക് ചെയ്യപ്പെട്ട വാട്സാപ് അക്കൗണ്ടിൽനിന്ന് പണം ചോദിച്ചു മെസേജ് ലഭിച്ചവരിൽ ഉന്നത ബാങ്ക് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു.   സംശയം തോന്നിയ അദ്ദേഹം, തന്റെ യുപിഐ നമ്പറുകൾ പ്രവർത്തിക്കുന്നില്ലെന്നും അക്കൗണ്ട് നമ്പർ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. ഇങ്ങനെ അയച്ചുകിട്ടിയതാകട്ടെ ഉത്തരേന്ത്യൻ പേരും ബാങ്ക് വിവരങ്ങളും.

English Summary:

Financial fraud alert:Hackers exploiting WhatsApp accounts in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com