ADVERTISEMENT

പത്തനംതിട്ട ∙ നഴ്സിങ് വിദ്യാർഥിനി ‌അമ്മു എ.സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു മരിച്ച സംഭവത്തിൽ അറസ്റ്റിലായ 3 സഹപാഠികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ സമർപ്പിച്ചു. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി.അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനാണ് പൊലീസ് അപേക്ഷിച്ചിരിക്കുന്നത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവരങ്ങൾ ലഭ്യമാകാനുണ്ടെന്നും കാണിച്ചാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചേക്കും.

കഴിഞ്ഞ ദിവസം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നു പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ കോടതി ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു.

ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ അവസാന വർഷ വിദ്യാർഥിനിയായിരുന്ന ‌തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എ.സജീവ് നവംബർ 15ന് ആണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു മരിച്ചത്. സഹപാഠികളായ 3 പേരുടെ തുടർച്ചയായ മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ഷിബുകുമാറും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

English Summary:

Police Seek Custody of Three Students in Nursing Student's Death Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com