ADVERTISEMENT

ന്യൂഡൽഹി ∙ ചോദ്യത്തെ ചിരിച്ചുകൊണ്ടു നേരിടുന്നതാണു പ്രിയങ്കയുടെ ശീലം. മറുപടി കടുപ്പിച്ചു പറയേണ്ടതോ അസ്വാരസ്യമുണ്ടാക്കുന്നതോ ആണെങ്കിലും അതു മുഖത്തു പ്രതിഫലിക്കില്ല. രൂപസാദൃശ്യത്തെക്കാൾ മുത്തശ്ശിയിൽനിന്നു പ്രിയങ്കയ്ക്കു പകർന്നു കിട്ടിയ ഗുണം മറുപടികളിലെ മൂർച്ചയാണ്.പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കപ്പെട്ട 2014–ൽ നരേന്ദ്ര മോദി 56 ഇഞ്ചിനെക്കുറിച്ചു പറഞ്ഞപ്പോൾ, ഭരിക്കാൻ വിശാലമായൊരു ഹൃദയമാണു വേണ്ടതെന്നു പ്രിയങ്ക പറഞ്ഞു. സ്ത്രീകളുടെ കെട്ടുതാലി കവർന്നെടുത്തു കോൺഗ്രസ് മുസ്‌ലിംകൾക്കു നൽകുമെന്നു മോദി പറഞ്ഞപ്പോൾ, രാജ്യത്തിനു വേണ്ടി കെട്ടുതാലി ത്യജിക്കേണ്ടി വന്ന അമ്മയെക്കുറിച്ചു പ്രിയങ്ക ഓർമിപ്പിച്ചു. 

ദീർഘകാലം പാർട്ടിയുടെ പിന്നണിയിലും 5 വർഷം സംഘടനാരംഗത്തും പ്രവർത്തിച്ച അനുഭവവുമായാണ് പ്രിയങ്കയുടെ പാർലമെന്റ് പ്രവേശം. സംഘടനാച്ചുമതല വഹിച്ച യുപിയിലും മറ്റും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും പാർലമെന്ററി രംഗത്തു പ്രിയങ്കയ്ക്കു പുതിയൊരു തുടക്കമുണ്ടാകുമെന്നു പാർട്ടി കരുതുന്നു. രാഹുലിനൊപ്പംനിന്നു പ്രതിപക്ഷ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയാകും പ്രിയങ്കയുടെ ദൗത്യമെന്നു സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കുന്നു. അധികാര കേന്ദ്രമാരാകുമെന്ന ചോദ്യത്തിനു തൽക്കാലം രാഹുൽ എന്നുമാത്രമാണ് ഉത്തരം. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കാൻ കഴിഞ്ഞില്ലെന്നിരിക്കെ, പ്രിയങ്കയുടെ ജയമാണു തൽക്കാലം കോൺഗ്രസിന്റെ പിടിവള്ളി.

സത്യപ്രതിജ്ഞ നാളെയില്ല

ന്യൂഡൽഹി ∙ നാളെ പാർലമെന്റ് സമ്മേളനം തുടങ്ങുമെങ്കിലും പ്രിയങ്കയുടെ സത്യപ്രതിജ്ഞയുണ്ടാകില്ല. ഷിംലയിലുള്ള അമ്മ സോണിയ ഗാന്ധി മടങ്ങിവന്ന ശേഷമേ സത്യപ്രതിജ്ഞയുണ്ടാകുവെന്ന് പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു. നന്ദി പറയുന്നതിനായി വയനാട്ടിലേക്കുള്ള യാത്ര സത്യപ്രതിജ്ഞയ്ക്കു ശേഷമേ ഉണ്ടാകാനിടയുള്ളു.

പ്രിയങ്ക ഗാന്ധി (52)

രാജീവ്–സോണിയ ദമ്പതികളുടെ മകൾ, രാഹുൽ ഗാന്ധിയുടെ സഹോദരി തുടങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രിയങ്ക ഗാന്ധിക്കു മേൽവിലാസങ്ങൾ ഏറെയുണ്ട്. ഡൽഹി ജീസസ് ആൻഡ് മേരി കോളജിൽനിന്നു മനഃശാസ്ത്രത്തിൽ ബിരുദവും ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടി. 2019–ലാണ് പാർട്ടി ഭാരവാഹിത്വം ഏറ്റെടുത്തത്. യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടക്കം. പാർട്ടി ഭാരവാഹിത്വം ഏറ്റെടുത്ത് 5 വർഷത്തിനു ശേഷമാണു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയത്. ബിസിനസുകാരൻ റോബർട്ട് വാധ്‌ര ഭർത്താവ്. മക്കൾ: മിറായ, റെയ്ഹാൻ.

English Summary:

Priyanka Gandhi's Parliamentary Debut: A New Dawn for the INDIA Alliance?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com