നായ കുറുകെ ചാടി അപകടം; സ്കൂട്ടർ യാത്രിക മരിച്ചു
Mail This Article
വർക്കല (തിരുവനന്തപുരം) ∙ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്നു റോഡിൽ വീഴവേ ടിപ്പർ ലോറി ഇടിച്ചു പരുക്കേറ്റ കേരള സർവകലാശാല പ്രസിലെ ഓഫിസ് സൂപ്രണ്ട് പാരിപ്പള്ളി ഇഎസ്ഐ ജംക്ഷനിൽ അവിട്ടം വില്ലയിൽ എ.എം.വിനീത (42) മരിച്ചു. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ പരുക്കേറ്റ വിനീത ചികിത്സയിലായിരുന്നു. ജോലി സ്ഥലത്തേക്കു പോകാനായി വർക്കല റെയിൽവേ സ്റ്റേഷനിലേക്ക് ഭർത്താവുമൊത്തുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഭർത്താവ് ജയകുമാറിനും പരുക്കേറ്റു.
ഇലകമൺ കൊച്ചുപാരിപ്പള്ളി റോഡിൽ പൊലീസ്മുക്ക് ജംക്ഷൻ പരിസരത്തായിരുന്നു അപകടം. റോഡിന്റെ മധ്യഭാഗത്തു കൂടി നടക്കുകയായിരുന്ന തെരുവുനായ പെട്ടെന്നു കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മറിയുകയായിരുന്നു. റോഡിലേക്കു വീണ വിനീതയെ പിന്നാലെ വന്ന ടിപ്പർ ലോറിയാണ് ഇടിച്ചത്. ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം നടത്തി. മക്കൾ: നീരജ്, നിരഞ്ജൻ. പാളയം സെനറ്റ് ഹൗസ് ക്യാംപസിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സഹപ്രവർത്തകർ അന്തിമോപചാരമർപ്പിച്ചു.