13 വർഷം വട്ടംചുറ്റിച്ചു; നടപടി വരുമെന്നായപ്പോൾ നമ്പറിട്ടു
Mail This Article
ചങ്ങനാശേരി ∙ വീടിനു നമ്പർ കിട്ടാൻ ഗൃഹനാഥൻ നടന്നതു 13 വർഷം. ഒടുവിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഇടപെട്ടതോടെ വീട്ടുനമ്പറായി. ചങ്ങനാശേരി സ്വദേശി വിനോദ് വെട്ടികാട് 13 വർഷം മുൻപാണു കവിയൂർ റോഡിനു സമീപം വീടുവച്ചത്. 2010 ഏപ്രിലിൽ ചങ്ങനാശേരി നഗരസഭാ എൻജിനീയറിങ് വിഭാഗം കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി. 2011 ഫെബ്രുവരിയിൽ ഒക്യുപെൻസി സർട്ടിഫിക്കറ്റും ലഭിച്ചു. മേയിൽ റവന്യു ഇൻസ്പെക്ടർ വീടു പരിശോധിച്ചു.
തുടർന്നു നഗരസഭയിൽ നികുതി അടയ്ക്കാൻ എത്തിയപ്പോൾ തന്റെ പരിധിയിലാണെന്നു പറഞ്ഞു മറ്റൊരു റവന്യു ഇൻസ്പെക്ടർ ഈ ഫയൽ വാങ്ങി. പിന്നീടു പലതവണ നഗരസഭയിൽ കയറിയിറങ്ങിയെങ്കിലും ഫയൽ പൊങ്ങിയില്ല. ഇതിനിടെ ഈ ഉദ്യോഗസ്ഥനു സ്ഥലംമാറ്റമായി. കെട്ടിട നമ്പർ കിട്ടാത്തതിനെപ്പറ്റി വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ ഫയലുകൾ അന്വേഷിക്കുകയാണെന്നായിരുന്നു മറുപടി.
ഒക്യുപെൻസി സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ കെഎസ്ഇബി വൈദ്യുതി കണക്‌ഷൻ നൽകി. അതോടെ നമ്പറിടാത്ത വീട്ടിൽ വിനോദ് കുടുംബസമേതം താമസം ആരംഭിച്ചു. പിന്നെയും വർഷങ്ങൾ കഴിഞ്ഞിട്ടും വീട്ടുനമ്പർ കിട്ടാതെ വന്നതോടെ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ പരാതി നൽകി. ചങ്ങനാശേരി നഗരസഭാ ഉദ്യോഗസ്ഥർ വിവരങ്ങൾ കൈമാറിയില്ലെന്നും അന്നത്തെ ഫയൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിവരാവകാശ കമ്മിഷണർ കണ്ടെത്തി. എല്ലാ വിവരങ്ങളും പൗരൻമാർക്ക് എളുപ്പത്തിൽ ലഭിക്കുന്ന വിധത്തിൽ സൂക്ഷിക്കാനുള്ള ചുമതല ഓഫിസ് മേധാവിക്കുണ്ടെന്നും 7 ദിവസത്തിനകം വിവരങ്ങൾ നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം.ദിലീപ് ഉത്തരവിട്ടു. ഇതോടെ ഉദ്യോഗസ്ഥർ പാഞ്ഞെത്തി വീടിനു നമ്പറുമിട്ടു. ഇത്രയും വർഷത്തെ കെട്ടിടനികുതിയായ 32,635 രൂപ വിനോദ് ഒന്നിച്ച് അടയ്ക്കുകയും ചെയ്തു.