സഹകരണസംഘം മുൻ പ്രസിഡന്റിന്റെ ആത്മഹത്യ; ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ ആത്മഹത്യക്കുറിപ്പിൽ പരാമർശം
Mail This Article
മുണ്ടേല (തിരുവനന്തപുരം)∙ രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം മുൻ പ്രസിഡന്റ് എം.മോഹനകുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയുൾപ്പെടെ 6 പേർക്കെതിരെ പരാമർശം. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോഹനകുമാറിന്റെ മക്കൾ കൃപയും ഡോ.കൃഷ്ണയും ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി.
ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ കോഴക്കേസിൽ കള്ളമൊഴി നൽകണമെന്ന് വെള്ളനാട് ശശി പിതാവിനെ നിർബന്ധിച്ചതായും അദ്ദേഹം സിപിഎമ്മിൽ ചേർന്നപ്പോൾ കൂടെ ചേരാൻ നിർബന്ധിച്ചിരുന്നതായും മക്കൾ പറഞ്ഞു. സംഘം പ്രതിസന്ധിയിലെന്നു പറഞ്ഞ് ജനത്തെ എതിരാക്കിയതും ശശിയും സംഘത്തിലെ 4 ജീവനക്കാരും അന്വേഷണത്തിന് എത്തിയ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറുമാണെന്നും ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് മക്കൾ പറയുന്നു.
നിക്ഷേപിച്ചതിൽ കുറച്ചു പണം തിരികെ നൽകാനുണ്ടെന്നു പറഞ്ഞ് ശശി വീട്ടിലെത്തി ഗേറ്റിൽ അടിച്ചതായും മുണ്ട് വിരിച്ച് ഗേറ്റിന് മുന്നിൽ കിടന്നതായും മക്കൾ പറഞ്ഞു. ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്നവർ ഗൂഢാലോചന നടത്തിയെന്ന് മരിക്കുന്നതിന് 2 ദിവസം മുൻപ് പിതാവ് പറഞ്ഞിട്ടുണ്ടെന്നും കൃപ പറഞ്ഞു. 20ന് ആണ് അമ്പൂരിയിലെ റിസോർട്ടിന് സമീപം മോഹനകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യക്കുറിപ്പിൽ നിന്ന്:
മരണത്തിന് ഉത്തരവാദി വെള്ളനാട് ശശി, കാട്ടാക്കട എആർ ബിനിൽ, അക്കൗണ്ടന്റ് മഞ്ജു, അശ്വതി, അർച്ചന, ശ്രീജ എന്നിവരാണെന്ന് കത്തിൽ പറയുന്നു. 8 മാസമായി സംഘം തകരാൻ പോകുന്നു എന്ന് പ്രചാരണം നടത്തിയത് ഇവരാണ്. നിക്ഷേപകരെ കൊണ്ട് പണം പിൻവലിപ്പിച്ചു. 30 കുടുംബത്തിന്റെ ജീവിതം ഇല്ലാതാക്കി. ഞാനും ഭാര്യയും ജോലി ചെയ്ത് ഉണ്ടാക്കിയ വസ്തു വകകളെല്ലാം കടബാധ്യതയിലായി. 25 വർഷം ഇൗ മേഖലയിലെ കോൺഗ്രസ് പാർട്ടി പ്രവർത്തനം മുഴുവൻ എന്നെ കേന്ദ്രീകരിച്ചായിരുന്നു.
കഴിഞ്ഞ 5 അസംബ്ലി, പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലായി കോടിക്കണക്കിന് രൂപയാണ് പലരുടെ പേരുകളിലായി എന്നെ കൊണ്ട് എടുപ്പിച്ചത്. ഇതിൽ 80 ശതമാനം വരെ എന്റെ വസ്തു വകകൾ വിറ്റ് ഞാൻ തിരിച്ചടച്ചു. എന്റെ സഹായം വാങ്ങാത്ത കുടുംബങ്ങൾ നാട്ടിൽ കുറവാണ്. ഒരു ദുഷ്പ്രചാരണത്തിൽ എല്ലാം ഒലിച്ചുപോയി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലായി 60 ലക്ഷം വരെ രൂപ ഇയാൾ എന്നെ കൊണ്ട് പലരുടെ പേരുകളിലായി വായ്പ എടുപ്പിച്ച് കൊണ്ടുപോയി. ഇത് പലിശ ഉൾപ്പെടെ കോടികളായി ഞാൻ തിരിച്ചടയ്ക്കേണ്ടി വന്നു. ഞാൻ ഇയാളുടെ കൂടെ സിപിഎമ്മിൽ പോകാൻ വിസമ്മതിച്ചതു മുതൽ പണി തുടങ്ങി.–കത്തിൽ പറയുന്നു.