പൊലീസ് ഡ്രൈവറുടെ പിഴ; വലിയ പിഴ !
Mail This Article
തിരുവനന്തപുരം ∙ ഗതാഗതനിയമം കണക്കിലെടുക്കാതെ പൊലീസ് വാഹനങ്ങൾ ഓടിച്ച ഡ്രൈവർമാർതന്നെ പിഴ അടയ്ക്കണമെന്നു വീണ്ടും നിർദേശം. പൊലീസ് വാഹനങ്ങൾക്കുള്ള പിഴ ചലാനുകളുടെ എണ്ണം കുത്തനെ വർധിച്ചതോടെയാണ് എഡിജിപി എസ്.ശ്രീജിത്ത് എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയത്. പൊലീസ് വാഹനങ്ങളെല്ലാം റജിസ്റ്റർ ചെയ്തിരിക്കുന്നത് ഡിജിപിയുടെ പേരിലായതിനാൽ, എവിടെ നിയമം ലംഘിച്ചാലും നോട്ടിസ് വഴിതെറ്റാതെ പൊലീസ് ആസ്ഥാനത്താണ് എത്തുന്നത്.
സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതെയും ട്രാഫിക് സിഗ്നലുകൾ പാലിക്കാതെയുമുള്ള യാത്ര, അമിതവേഗം എന്നിവയാണു നിയമലംഘനങ്ങളിലേറെയും. അമിതവേഗത്തിനും ട്രാഫിക് സിഗ്‌നൽ തെറ്റിച്ചതിനുമാണു പിഴയെങ്കിൽ അക്കാര്യം ബോധ്യപ്പെടുത്തിയാൽ പരിഹാരം കാണുമെന്നും എന്നാൽ സീറ്റ് ബെൽറ്റ്– ഹെൽമറ്റ് വയ്ക്കാത്ത കേസുകൾക്കു സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണു നിർദേശം.
ഇതുവരെ പിഴയൊടുക്കാത്തവർ മോട്ടർ വാഹനവകുപ്പിന്റെ പരിവാഹൻ സൈറ്റ് പരിശോധിച്ച്, തങ്ങൾ ഓടിക്കുന്ന വാഹനത്തിന്റെ പിഴത്തുക എത്രയെന്നു കണ്ടുപിടിച്ച് 15 ദിവസത്തിനകം പണമടച്ചു രസീതുൾപ്പെടെ റിപ്പോർട്ട് ഡിജിപിക്കു സമർപ്പിക്കണം. എല്ലാ മാസവും 5ന് ഇത്തരത്തിൽ ‘കുടുങ്ങിയവർ’ പിഴ അടച്ചു രസീത് എത്തിക്കണം. അമിതവേഗത്തിനും ട്രാഫിക് സിഗ്‌നൽ മറികടക്കുന്നതിനും ആംബുലൻസിനുള്ളതു പോലെ പൊലീസ് വാഹനങ്ങൾക്കും ഇളവുണ്ടെങ്കിലും ഉന്നത പൊലീസ് ഓഫിസർമാരുടെ വാഹനത്തിനു മാത്രമേ മോട്ടർവാഹന വകുപ്പ് ഇത് അനുവദിക്കാറുള്ളൂ.
പഴയ വാഹനങ്ങളുടെ ലേലം മുടങ്ങി
∙ പൊലീസിന്റെ പഴയ വാഹനങ്ങൾ ലേലം ചെയ്യാൻ തുടങ്ങിയപ്പോഴാണു നിയമലംഘനത്തിനുള്ള കുടിശികകൾ തലവേദനയായത്. പിഴ അടയ്ക്കാതെ വാഹനങ്ങൾ ലേലം ചെയ്യാൻ കഴിയില്ല.