ബവ്റിജസ് കോർപറേഷൻ: സ്റ്റോക്ക്, പണം നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കുമെന്ന സർക്കുലർ റദ്ദാക്കി
Mail This Article
കൊച്ചി∙ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റുകളിൽ സ്റ്റോക്കിലോ പണത്തിലോ കുറവു കണ്ടെത്തിയാൽ ജീവനക്കാരിൽ നിന്നു നഷ്ടം ഈടാക്കാമെന്ന മാനേജിങ് ഡയറക്ടറുടെ 2017ലെ സർക്കുലർ ഹൈക്കോടതി റദ്ദാക്കി. ചട്ട വിരുദ്ധമായ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്നു കോടതി വ്യക്തമാക്കി.
സർക്കുലറിന്റെ അടിസ്ഥാനത്തിൽ വൻതുക തിരിച്ചടയ്ക്കാൻ നോട്ടിസ് ലഭിച്ച ഒരുകൂട്ടം ജീവനക്കാരുടെ ഹർജികളിലാണു ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. സർക്കാർ അംഗീകരിച്ച സർവീസ് ചട്ടം അനുസരിച്ചു മാത്രമേ ജീവനക്കാരിൽ നിന്നു നഷ്ടം ഈടാക്കാൻ കഴിയൂ. ഇതിനകം തുക അടച്ചവർക്കും കോടതിയിൽ ചോദ്യം ചെയ്യാത്തവർക്കും ഈ വിധി ബാധകമാകില്ലെന്നു കോടതി വ്യക്തമാക്കി. 6 മാസത്തെ സ്റ്റോക്ക്/ കാഷ് പൊരുത്തക്കേട് ഒരു ലക്ഷത്തിൽ താഴെയാണെങ്കിൽ ഷോപ്പ് ജീവനക്കാരിൽ നിന്നു തുല്യമായി ഈടാക്കാനും, ഒരു ലക്ഷത്തിൽ കൂടിയാൽ 90% ജീവനക്കാരിൽ നിന്നും 10% വെയർഹൗസ് മാനേജരിൽ നിന്നും ഈടാക്കാനുമാണു 2017ലെ സർക്കുലറിൽ പറയുന്നത്.
ചങ്ങനാശേരിയിലെ ഔട്‌ലെറ്റിൽ സ്റ്റോക്കിൽ കുറവു കണ്ടതിനു ജീവനക്കാരിൽ നിന്ന് 53.21ലക്ഷം രൂപ ഈടാക്കാൻ നോട്ടിസ് നൽകിയിരുന്നു. പ്രളയ സാഹചര്യത്തിലാണു കുറവുണ്ടായതെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണു നടപടിയെന്നും ഹർജിക്കാർ ബോധിപ്പിച്ചു. എന്നാൽ എംഡിക്കു നടപടിയെടുക്കാൻ അധികാരമുണ്ടെന്നു ബവ്കോ വാദിച്ചു. സർവീസ് ചട്ടങ്ങളും സ്വാഭാവിക നീതിയും നിഷേധിച്ചുള്ള നടപടി നിയമപരമല്ലെന്നു കോടതി പറഞ്ഞു.