ADVERTISEMENT

കോഴിക്കോട് ∙ ജമാഅത്തെ ഇസ്‍ലാമിയെയും എസ്ഡിപിഐയെയും വർഗീയതയുടെ പേരിൽ സിപിഎം കുറ്റപ്പെടുത്തുമ്പോൾ മുൻകാലങ്ങളിൽ ഇവരുമായുള്ള ബന്ധത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നതു പാർട്ടിക്കു തിരിച്ചടിയാകുന്നു. ഈ സംഘടനകളുമായി ബന്ധപ്പെടുത്തി മുസ്‍ലിം ലീഗിനെയും യുഡിഎഫിനെയും അധിക്ഷേപിക്കുമ്പോൾ മുൻകാലങ്ങളിലെ സിപിഎം നിലപാടുകളാണു ചർച്ചയാകുന്നത്.

വിവിധ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനും എൽഡിഎഫിനും പിന്തുണ നൽകിയിട്ടുണ്ടെന്ന് ഈ സംഘടനകളുടെ ഭാരവാഹികൾ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതിനു പുറമേയാണ് മുൻകാല ബന്ധങ്ങൾ വ്യക്തമാക്കുന്ന നേതാക്കളുടെ പ്രസ്താവനകളും കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്.

1996 ഏപ്രിൽ 22ന് സിപിഎം മുഖപത്രം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം അടക്കം ഇക്കൂട്ടത്തിൽ ചർച്ചയാകുന്നുണ്ട്. നരസിംഹറാവു സർക്കാരിനെതിരെ ഇടതുപക്ഷം നയിക്കുന്ന പോരാട്ടങ്ങൾക്കു പിന്തുണ നൽകിയ ജമാഅത്തെ ഇ‍സ്‌ലാമിക്കു നന്ദി രേഖപ്പെടുത്തിയാണു മുഖപ്രസംഗം തയാറാക്കിയത്.

2008 നവംബർ 26ന് നിയമസഭയിൽ ആര്യാടൻ മുഹമ്മദ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ നൽകിയ മറുപടിയിൽ പറയുന്നത് ഇങ്ങനെയാണ്: ‘തീവ്രവാദത്തിന്റെ പേരു പറ‍ഞ്ഞ് ആര്യാടൻ മുഹമ്മദ് ജമാഅത്തെ ഇസ്‍ലാമിയെ വിമർശിക്കുന്നതു പാർലമെന്റ് തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ്. ആര്യാടന്റെ പ്രസ്താവന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ തെളിവാണ്’.

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‍ലാമി വയനാടും പൊന്നാനിയുമൊഴികെ 18 സീറ്റിലും എൽഡിഎഫിനെ പിന്തുണച്ചിരുന്നു. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തിയതായി ജമാഅത്തെ നേതൃത്വംതന്നെ വിവരം പുറത്തുവിട്ടിട്ടുണ്ട്.

2009 ഏപ്രിൽ 14ന് സിപിഎം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തെപ്പറ്റി പിണറായി വിജയൻ പറഞ്ഞ മറുപടിയിങ്ങനെ: ‘മുസ്‌ലിം സംഘടനകളിൽ വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമി. ദേശീയ, സാർവദേശീയ രംഗത്തൊക്കെ ജമാഅത്തെ ഇസ്‍ലാമിക്കു കൃത്യമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടുവച്ചാണ് ഓരോ കാലഘട്ടത്തിലും അവർ നിലപാട് എടുത്തത്. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി അവർ ഇടതുമുന്നണിക്കു പിന്തുണ നൽകിയത്. ഇത്തവണ 18 സീറ്റിൽ എൽഡിഎഫിനും 2 സീറ്റിൽ യുഡിഎഫിനും പിന്തുണ നൽകാനും തീരുമാനിച്ചു.’

2011 ഏപ്രിൽ 5ന് ജമാഅത്തെ ഇസ്‌ലാമി ചർച്ചയ്ക്കുശേഷമുള്ള വിവാദങ്ങളോട് പിണറായി പ്രതികരിച്ചതിങ്ങനെ: ‘അവർ ഒരു കൂട്ടം നേതാക്കൾ മാന്യമായി ഞങ്ങളെ വന്നുകണ്ടു സംസാരിച്ചു. ഞങ്ങൾ അവരെ എൽഡിഎഫിൽ എടുത്തിട്ടില്ല. എടുക്കാൻ അവർ ആവശ്യപ്പെട്ടിട്ടുമില്ല. ഒരു കൂട്ടർ വന്നു സംസാരിച്ചെന്നു കേൾക്കുമ്പോഴേക്കും കോൺഗ്രസ് വേവലാതിപ്പെടുന്നതെന്തിനാണ്.’

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി 140 മണ്ഡലങ്ങളിൽ 124 ഇടത്തും പിന്തുണച്ചത് ഇടതുപക്ഷത്തെയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, എളമരം കരീം, വി.എസ്.അച്യുതാനന്ദൻ, എ.കെ.ബാലൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്കല്ലാം ജമാഅത്തെ ഇസ്‌ലാമി പിന്തുണ നൽകിയിരുന്നു.

എസ്ഡിപിഐ കൂടിക്കാഴ്ചകളുടെ വിവരങ്ങൾ പരസ്യമായി പുറത്തുവിടാറില്ലെങ്കിലും കാലാകാലങ്ങളായി തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തുൾപ്പെടെ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎമ്മിനാണ് അവർ വോട്ട് ചെയ്തത്.

English Summary:

CPM Under Fire as Past ties with Jamaat-e-Islami, SDPI exposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com