ADVERTISEMENT

നെടുമങ്ങാട്  ∙ വിലക്ക് ലംഘിച്ച് ഗുണ്ടാസംഘങ്ങൾ രാത്രിയിൽ ജന്മദിനാഘോഷം നടത്തുന്നതറിഞ്ഞ് സിഐയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ്‌ സംഘത്തെ ആക്രമിച്ച സംഭവത്തിൽ 12 പേരെ ബലംപ്രയോഗിച്ചു കീഴടക്കി. ഗുണ്ടാസംഘത്തിലെ മറ്റുള്ളവർ കടന്നുകളഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ സിഐ വി.രാജേഷ് എസ്ഐമാരായ ഓസ്റ്റിൻ ഡെന്നിസ്, എസ്.സന്തോഷ്, സിപിഒ രഞ്ജിത്ത് മോഹൻ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ല. 

ഞായറാഴ്ച രാത്രി 10 നായിരുന്നു സംഭവം. കാപ്പ പട്ടികയിൽ ഉൾപ്പെട്ടതും ഒട്ടേറെ കേസുകളിൽ പ്രതിയുമായ സ്റ്റംപർ അനീഷിന്റെ നേതൃത്വത്തിലായിരുന്നു ഗുണ്ടാസംഘങ്ങൾ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. അനീഷിന്റെ സഹോദരിയുടെ മകന്റെ ഒന്നാം പിറന്നാൾ ഇന്നലെ ആഘോഷിക്കാനായിരുന്നു തീരുമാനം. ഇതറിഞ്ഞ്, അനീഷിനെ സിഐ സ്റ്റേഷനിലേക്കു വിളിപ്പിച്ചു ഗുണ്ടകൾ ചേർന്നുള്ള ആഘോഷ പരിപാടികൾ വിലക്കിയിരുന്നു. 

എന്നാൽ അനീഷ് ആഘോഷം ഞായറാഴ്ച രാത്രിയിലേക്കു മാറ്റുകയായിരുന്നു. അനീഷിന്റെ മറ്റൊരു സഹോദരിയുടെ മുക്കോലയ്ക്കലെ  വാടകവീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചത്. ഇതറിഞ്ഞ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ആയുധങ്ങളുമായി പൊലീസ് സംഘത്തെ ആക്രമിച്ച ഗുണ്ടകളെ പിന്തുടർന്ന് 12 പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ അനീഷിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ 23 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

English Summary:

Gangsters arrested for attacking police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com