ADVERTISEMENT

തിരുവനന്തപുരം ∙ എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവയുടെ പിന്തുണയോടെ സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്നത് 7 തദ്ദേശസ്ഥാപനങ്ങൾ; എൽഡിഎഫ് ഭരണമുള്ളതു നാലിടത്ത്. ഇരുമുന്നണികളും ഓരോ നഗരസഭ ഈ രീതിയിൽ ഭരിക്കുന്നു. കണ്ണൂർ, ആലപ്പുഴ, കാസർകോ‍ട്, തൃശൂർ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഇരുകക്ഷികളുടെയും പിന്തുണ മുന്നണികൾ സ്വീകരിച്ചിട്ടില്ല.

മറ്റു ജില്ലകളിലെ രാഷ്ട്രീയചിത്രം:

തിരുവനന്തപുരം: പാങ്ങോട് പഞ്ചായത്ത് – വെൽഫെയർ പാർട്ടി പിന്തുണയോടെയും എസ്ഡിപിഐ സഹകരണത്തോടെയും കോൺഗ്രസ് ഭരിക്കുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഎം ആണെങ്കിലും വെൽഫെയർ പാർട്ടിയുടെ പിന്തുണയിൽ പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് നേടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ വോട്ട് അസാധുവാക്കിയതോടെ കോൺഗ്രസ് – വെൽഫെയർ പാർട്ടി കൂട്ടുകെട്ട് സിപിഎമ്മിനെ മറികടന്നു.

∙ നഗരൂർ പഞ്ചായത്ത്: എസ്ഡിപിഐയുടെ പിന്തുണയോടെ എൽഡിഎഫ് ഭരണം.

∙ വെമ്പായം പഞ്ചായത്ത്: എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ സീറ്റുനിലയിൽ എൽഡിഎഫിനൊപ്പം കോൺഗ്രസ് എത്തി. നറുക്കെടുപ്പിൽ കോൺഗ്രസ് അംഗം പ്രസിഡന്റായി.

കൊല്ലം: പോരുവഴി പഞ്ചായത്ത് – എസ്ഡിപിഐയിലെ 2 അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം.

പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് – പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐ വോട്ട് സിപിഎമ്മിനു ലഭിച്ചു. പിന്തുണ വേണ്ടെന്നറിയിച്ച് 2 തവണയും അവർ സ്ഥാനം രാജിവച്ചു. മൂന്നാം തവണയും എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണച്ചു. അത് സ്വീകരിച്ച് സിപിഎം ഭരിക്കുന്നു.

പത്തനംതിട്ട നഗരസഭ: ഇരുമുന്നണികൾക്കും തുല്യ സീറ്റുള്ള ഇവിടെ എസ്ഡിപിഐയുടെ 3 അംഗങ്ങൾ എൽഡിഎഫുമായി സഹകരിക്കുന്നു. എസ്‌ഡിപിഐ പിന്തുണയിൽ ജയിച്ച സ്വതന്ത്ര നഗരസഭാ ഉപാധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷപദവും എസ്ഡിപിഐക്കു ലഭിച്ചു. പകരം, അധ്യക്ഷ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്ന് എൽഡിഎഫ് ഭരണത്തിന് എസ്ഡിപിഐ വഴിയൊരുക്കി.

കോട്ടയം: ഈരാറ്റുപേട്ട നഗരസഭ – വെൽഫെയർ പാർട്ടിയുടെ പിന്തുണയിൽ യുഡിഎഫ് ഭരിക്കുന്നു. 2 വെൽഫെയർ പാർട്ടി അംഗങ്ങൾ യുഡിഎഫ് സ്വതന്ത്രരായി ജയിച്ചു.

പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്ത് – എൽഡിഎഫ് ഭരണം നിലനിർത്തുന്നത് 3 അംഗങ്ങളുള്ള എസ്ഡിപിഐയുടെ സഹകരണത്തോടെ. ഭരണതീരുമാനങ്ങളിൽ പലതും എൽഡിഎഫ് പാസാക്കിയെടുക്കുന്നത് എസ്ഡിപിഐയുടെ പിന്തുണയോടെ. എന്നാൽ, ഭരണത്തിനു പിന്തുണയില്ലെന്നാണ് എൽഡിഎഫിന്റെ അവകാശവാദം.

മലപ്പുറം: കീഴുപറമ്പ് പഞ്ചായത്ത് – വെൽഫെയർ പാർട്ടിയിലെ 2 അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം.

∙ കൂട്ടിലങ്ങാടി പഞ്ചായത്ത്: 3 അംഗങ്ങളുള്ള വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ മുസ്‌ലിം ലീഗ് ഭരിക്കുന്നു.

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്ത് – ഇരുമുന്നണികൾക്കും തുല്യ സീറ്റുള്ള ഇവിടെ വെൽഫെയർ പാർട്ടി അംഗത്തിന്റെ ബലത്തിൽ യുഡിഎഫ് ഭരിക്കുന്നു.

English Summary:

Both UDF and LDF sought support in local government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com