പാലക്കാട്: തോൽവിയിൽ വിമർശനം കടുക്കുന്നു; ബിജെപിയിൽ പൊട്ടിത്തെറി
Mail This Article
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്നു പാലക്കാട്ട് ബിജെപിയിൽ പൊട്ടിത്തെറി. സ്ഥാനാർഥിയാണു തോൽവിക്കു കാരണമെന്നു നഗരസഭാധ്യക്ഷയും സംസ്ഥാനസമിതി അംഗവുമായ പ്രമീള ശശിധരൻ തുറന്നടിച്ചു. രൂക്ഷവിമർശനമുയർത്തിയ ദേശീയസമിതി അംഗം എൻ.ശിവരാജൻ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ ആസ്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
പാലക്കാട് നഗരസഭാ മേഖലയിൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 6947 വോട്ടുകൾ ബിജെപിക്കു കുറഞ്ഞിരുന്നു. നഗരസഭയിലെ ഭരണവീഴ്ചയാണു തോൽവിക്കു കാരണമെന്നു ജില്ലാ കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് നൽകിയതായി വാർത്തകളുണ്ടായിരുന്നു. ഇതാണു നഗരസഭാധ്യക്ഷയെ പ്രകോപിപ്പിച്ചത്. തോൽവിയുടെ പശ്ചാത്തലത്തിൽ നടപടിയുണ്ടായാൽ നഗരസഭാംഗത്വം രാജിവയ്ക്കുമെന്നു ഭൂരിഭാഗം ബിജെപി അംഗങ്ങളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
സ്ഥാനാർഥിയെ തീരുമാനിച്ചപ്പോൾത്തന്നെ നേതൃത്വത്തെ എതിർപ്പ് അറിയിച്ചതാണെന്നു പ്രമീള പറഞ്ഞു. ‘സ്ഥാനാർഥിയാകാൻ കൃഷ്ണകുമാർ മാത്രമേയുള്ളോയെന്നു പല വോട്ടർമാരും ചോദിച്ചു. ‘നോട്ട’യ്ക്കു വോട്ടു ചെയ്യുമെന്നു പലരും പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ നഗരപരിധിയിൽ 1500 വോട്ടാണു കുറഞ്ഞത്. ഏകദേശം അത്രയും വോട്ടുകൾ നോട്ടയ്ക്കു കിട്ടി’– പ്രമീള പറഞ്ഞു.
ബിജെപിയുടെ അടിത്തറയ്ക്കു കോട്ടമില്ലെന്നും മേൽക്കൂരയ്ക്കാണു തകരാറെന്നുമാണു ശിവരാജന്റെ വിമർശനം. സ്ഥാനാർഥിനിർണയത്തിൽ പാളിച്ചയില്ലെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയാണ് 3 പേരുടെ പട്ടിക തയാറാക്കിയത്. 2 പേർക്കു സ്ഥാനാർഥിയാകാൻ താൽപര്യമുണ്ടായിരുന്നില്ല. ഈ കുറിപ്പോടെ കേന്ദ്ര നേതൃത്വത്തിനു റിപ്പോർട്ട് നൽകുകയും തീരുമാനം അവിടെ കൈക്കൊള്ളുകയുമായിരുന്നു. കൃഷ്ണകുമാറിനും സ്ഥാനാർഥിയാകാൻ അവസാനനിമിഷം വരെ താൽപര്യമില്ലായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടി പറഞ്ഞിട്ടാണു മത്സരിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു. പാളിച്ചയുണ്ടായോയെന്നു പരിശോധിക്കേണ്ടതു നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.