റോഡ് ക്യാമറ: നിയമം ലംഘിക്കാത്തവർക്കും പിഴ?; പരിശോധനയ്ക്ക് ഗതാഗത കമ്മിഷണറുടെ നിർദേശം
Mail This Article
തിരുവനന്തപുരം ∙ ഗതാഗതനിയമലംഘനം കണ്ടെത്താൻ സംസ്ഥാനവ്യാപകമായി സ്ഥാപിച്ച റോഡ് ക്യാമറകളുടെ പ്രവർത്തനം കുറ്റമറ്റ രീതിയിലാണോ എന്നു പരിശോധിക്കാൻ ഗതാഗത കമ്മിഷണർ നിർദേശിച്ചു. തിരുവനന്തപുരം നഗരത്തിലടക്കം ട്രാഫിക് സിഗ്‌നലും ക്യാമറയും പ്രവർത്തിക്കുന്നതിലെ സമയക്രമം തെറ്റുന്നതു കാരണം നിയമം ലംഘിക്കാത്തവർക്കും പിഴ ചുമത്തുന്നെന്ന വ്യാപക പരാതിയെത്തുടർന്നാണു ഗതാഗത കമ്മിഷണർ സി.നാഗരാജു ക്യാമറയുള്ള ഓരോ ഇടത്തും പരിശോധന നടത്താൻ എൻഫോഴ്സ്മെന്റ് ആർടിഒമാർക്കു നിർദേശം നൽകിയത്.
-
Also Read
ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ
തിരുവനന്തപുരത്തെ പട്ടം, കരമന ജംക്‌ഷനുകളിൽ ഒരു മാസം മുൻപു പ്രവർത്തിച്ചു തുടങ്ങിയ റെഡ് സിഗ്‌നൽ ലംഘനം കണ്ടെത്തുന്ന ക്യാമറകളെക്കുറിച്ചാണ് ഏറ്റവും കൂടുതൽ പരാതി. ഇൗ രണ്ടിടങ്ങളിലും പ്രധാനമായി 4 തകരാറുകളാണു കണ്ടെത്തിയിരിക്കുന്നത്. 1) പച്ച സിഗ്‌നൽ വന്ന ശേഷം വാഹനം മുന്നോട്ടെടുത്തവർക്കും പിഴ അടയ്ക്കാൻ നോട്ടിസ് ലഭിക്കുന്നു. 2) സിഗ്‌നൽ ലൈറ്റുകൾക്ക് ഒപ്പമുള്ള കൗണ്ട്‌ഡൗൺ ടൈമർ പ്രവർത്തിക്കുന്നില്ല. 3) മരച്ചില്ലകൾ മറഞ്ഞ് സിഗ്‌നൽ ലൈറ്റുകൾ കാണാൻ കഴിയുന്നില്ല. 4) റെഡ് സിഗ്‌നൽ ആയാൽ മറികടക്കാൻ പാടില്ലാത്ത വെള്ള വരകളും അതിനു മുന്നിലെ സീബ്രാവരകളും പലയിടത്തും ഭാഗികമായി മാഞ്ഞുപോയി.
വിവിധ വകുപ്പുകൾ ചേർന്നാണ് ഇൗ പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടത്. റോഡുകളിൽ വ്യക്തമായി വരകളിടാൻ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും സിഗ്‌നലുകൾ ശരിയാക്കാനും കാഴ്ച മറയ്ക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റാനും ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്കും കത്തെഴുതിയതായി നാഗരാജു പറഞ്ഞു. നിയമം തെറ്റിക്കാത്തവർക്കു പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും. സിഗ്നൽ ലംഘനത്തിനു 3,000 രൂപയാണു പിഴ. ഇൗ തുക കോടതിയിലാണ് അടയ്ക്കേണ്ടത്. തെറ്റായി പിഴ ചുമത്തിയ കേസുകൾ പിൻവലിക്കാൻ കോടതിയോട് അഭ്യർഥിക്കും. ആർടിഒമാരുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.