റയലിന് ആർസനലിനെതിരെ 3 ഗോൾ കടം വീട്ടണം, ജയിക്കണം; ഇന്റർ മിലാനെതിരെ ബയണിനും ഡൂ ഓർ ഡൈ

Mail This Article
മഡ്രിഡ് ∙ സമീപകാലത്തു ടീം കാഴ്ചവച്ച അവിശ്വസനീയ തിരിച്ചുവരവുകളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വിഡിയോ ആണ് റയൽ മഡ്രിഡ് ക്ലബ് ഇന്നലെ വെബ്സൈറ്റിൽ പങ്കുവച്ചത്. അതിൽ വീണ്ടും വീണ്ടും പറയുന്ന വാചകമിങ്ങനെ: ‘‘ അസാധ്യമായി ഒന്നുമില്ല’’.
വിഡിയോയിൽ കണ്ടതിനു സമാനമായ നിമിഷങ്ങൾ സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ കാണാനാണ് ഇന്ന് റയൽ ആരാധകർ ടിക്കറ്റെടുത്തു കാത്തിരിക്കുന്നത്. ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ഇംഗ്ലിഷ് ക്ലബ് ആർസനലിനെ നേരിടുമ്പോൾ റയലിനു മറികടക്കാനുള്ളത് ആദ്യപാദത്തിലെ 3–0 തോൽവിയുടെ കടം.
റയലിന്റെ അത്ര കഠിനമല്ലെങ്കിലും സമാനമാണ് ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ കാര്യവും. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെതിരെ സ്വന്തം മൈതാനത്ത് 2–1 തോൽവി വഴങ്ങിയ ബയണിന് ഇന്ന് എതിരാളികളുടെ മൈതാനത്ത് ജയിച്ചേ തീരൂ. എവേ ഗോൾ നിയമം ഇത്തവണ ചാംപ്യൻസ് ലീഗിൽ ഇല്ല. ഇന്ത്യൻ സമയം രാത്രി 12.30നാണ് രണ്ടു മത്സരങ്ങളുടെയും കിക്കോഫ്. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തൽസമയം.