അധികമായാൽ കമ്പിയും പാരയാകും: ഓവറാക്കി ചളമാക്കരുത്; അനുഭവം

Mail This Article
രണ്ടു കൊല്ലം മുൻപ് ഒരവധിക്കാലത്ത് നാട്ടിൽ പോയപ്പോഴാണ് സുലൈമാൻ ഹാജി എന്നെ വിളിക്കുന്നത്.
" നീ നാട്ടിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞു, ഉബൈദിന്റെ വീടുപണി നടക്കുന്നുണ്ട്, മെയിൻ വാർപ്പ് ആവാറായി. സമയം കിട്ടിയാൽ ഇതിലേ ഒന്ന് കേറണം, രാവിലത്തെ ചായ ഇവിടെനിന്നാവാം"
ഹാജി, അച്ഛന്റെ അടുത്ത സുഹൃത്താണ്. ഗൾഫിൽ ഉള്ള ഉബൈദിനെയും എനിക്കറിയാം, പ്ലാൻ ആയപ്പോൾ തന്നെ അവനത് എനിക്ക് അയച്ചുതന്ന് അഭിപ്രായം വാങ്ങിച്ചതുമാണ്. അങ്ങനെ ഞാൻ അങ്ങോട്ട് വച്ചുപിടിച്ചു. തൊട്ടടുത്തുതന്നെ താമസിക്കുന്ന ഹാജിയാരെയും കൂട്ടി സൈറ്റിലെത്തി.
സൈറ്റിൽ ഉള്ളത് വേലായുധൻ മേസ്തിരിയാണ്, എനിക്കറിയുന്ന ആൾ, ഇപ്പോൾ പ്രായമായിരുന്നു. സ്ളാബിന് കമ്പി കെട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ്, കമ്പി അൽപം കൂടിയാലും സാരമില്ല, ഒന്നിനും ഒരു കുറവും വരരുത് എന്നാണു ഹാജിയാരുടെ നിലപാട്.
" നെയ്യ് ഏറിയാൽ അപ്പം കേടുവരില്ല " എന്നാണ് അതിനു അദ്ദേഹം മേസ്തിരിയോട് പറയുന്ന ന്യായം.
മേസ്തിരിക്കും പ്രശ്നം ഒന്നുമില്ല, കാരണം സാധനങ്ങൾ എല്ലാം തന്നെ വീട്ടുകാർ വാങ്ങിച്ചുകൊടുക്കുകയാണ്. അതിനാൽ അയാളുടെ പോക്കറ്റിൽ നിന്നും പൈസ പോകുന്ന വിഷയം ഒന്നുമില്ല, പുള്ളി ഡബിൾ ഓക്കേ.
നമ്മളിൽ പലർക്കും അറിയാവുന്ന, സ്ഥിരമായി കാണുന്ന ഒരു സാഹചര്യമാണിത്. കോൺട്രാക്ടർ കമ്പിയിൽ കുറവ് വരുത്തുമോ, സിമന്റ് കുറയ്ക്കുമോ എന്നീ ഭയം കൊണ്ടാണ് പലരും സാധനങ്ങൾ വാങ്ങിക്കൊടുത്ത് പണിയിക്കുന്ന രീതിയിലുള്ള കരാർ അവലംബിക്കുന്നത്. അങ്ങനെ വരുമ്പോൾ കോൺട്രാക്ടർ കമ്പി ഇടുന്ന കാര്യത്തിൽ പിശുക്കു കാണിക്കില്ല എന്നും, അതുവഴി തങ്ങളുടെ കെട്ടിടം സുരക്ഷിതമാവും എന്നുമാണ് അവരുടെ കണക്കുകൂട്ടൽ. അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ആ ചിന്ത ന്യായവുമാണ്.
പക്ഷേ ഒരു പ്രശ്നമുണ്ടല്ലോ വർമ്മ സാറേ. നെയ്യപ്പം അല്ല, കോൺക്രീറ്റ്. അതിനെ നിയന്ത്രിക്കുന്ന സവിശേഷതകൾ സങ്കീർണ്ണമാണ്, അത് അനേകം അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
നമുക്ക് ഹാജിയാരുടെ കേസിലേക്കുവരാം. എൻജിനീയർമാർ പൊതുവെ കോൺക്രീറ്റ് എലെമെന്റ്സ് എന്ന് വിളിക്കുന്ന സ്ളാബിലും, ബീമിലും, തൂണിലും ഒക്കെ അൽപ്പം കമ്പി കൂട്ടി ഇട്ടാൽ എന്താണ് പ്രശ്നം ..?

പറയാം. അതിനു മുൻപ് കോൺക്രീറ്റ് എന്താണ് എന്നറിയണം. കോൺക്രീറ്റ് സാമാന്യമായി രണ്ടു വിധത്തിൽ ഉള്ളതാണ്.
ഒന്ന് - കമ്പി ഇടാത്ത കോൺക്രീറ്റ് അഥവാ പ്‌ളെയിൻ കോൺക്രീറ്റ്.
രണ്ട് - കമ്പി ഇട്ട കോൺക്രീറ്റ് അഥവാ റീയിൻഫോഴ്സ്ഡ് കോൺക്രീറ്റ്.
ഹാജിയാരുടെ വിഷയം കമ്പി ഇട്ട കോൺക്രീറ്റ് ആയതിനാൽ ആദ്യത്തെ പ്‌ളെയിൻ കോൺക്രീറ്റിനെ നമുക്ക് മറക്കാം. കോൺക്രീറ്റ് എലെമെന്റുകളിൽ വലിവ് ബലം അനുഭവപ്പെടുന്നത് മൂലം ഉണ്ടാകുന്ന ഗുലുമാലുകൾ തടയാനാണ് കോൺക്രീറ്റിൽ കമ്പി ചേർക്കുന്നത്.
എന്നാൽ എവിടെ, എങ്ങനെ, എത്ര കമ്പി ഇടണം എന്നത് അതീവ സങ്കീർണ്ണമായ വിഷയം ആയതിനാൽ അതും നമുക്ക് ഒഴിവാക്കാം. നമ്മുടെ പ്രശ്നം കമ്പി അധികമായാൽ എന്ത് സംഭവിക്കും എന്നതാണ്.
ഒരു കോൺക്രീറ്റ് എലമെന്റിൽ ആവശ്യമുള്ളതിൽ കൂടുതൽ കമ്പി ഉണ്ടെങ്കിൽ നമ്മൾ അതിനെ ഓവർ റീയിൻഫോഴ്സ്ഡ് എലമെന്റ് എന്ന് വിളിക്കും. കുറവാണ് എങ്കിൽ അണ്ടർ റീയിൻഫോഴ്സ്ഡ് എലെമെന്റ് എന്നും, ആവശ്യത്തിന് മാത്രം കമ്പി ആണ് അതിനകത്ത് ഉള്ളത് എങ്കിൽ അതൊരു ബാലൻസ്ഡ് സെക്‌ഷനാണ്.
ഇത്രയും കാര്യം മനസ്സിലായി എങ്കിൽ നമുക്ക് അടുത്ത ഘട്ടത്തിലേക്ക് കയറാം. എന്നാൽ അത് കെട്ടിടം നിർമിക്കുന്നതിനെ കുറിച്ചല്ല, കെട്ടിടങ്ങൾ എങ്ങനെ തകരുന്നു എന്നതിനെ കുറിച്ചാണ്. ഒരു കെട്ടിടം തകരുന്നത് രണ്ട് രീതിയിലാണ്.
ഒന്ന് - വിള്ളലുകളും പൊട്ടലുകളും ഒക്കെ പ്രത്യക്ഷപ്പെട്ട്, ഒടിഞ്ഞു മടങ്ങി മണിക്കൂറുകൾ മുതൽ മാസങ്ങൾ വരെ എടുത്തു സംഭവിക്കുന്ന ഡക്ക്ടെയിൽ ഫെയിലിയർ.
രണ്ട് - കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ സംഭവിക്കുന്ന ബ്രിറ്റിൽ ഫെയിലിയർ.
ഈ രണ്ട് സാഹചര്യങ്ങളിൽ ഏതാണ് കൂടുതൽ അഭികാമ്യം എന്ന് ചോദിച്ചാൽ ഡക്ക്ടെയിൽ ഫെയിലിയർ എന്ന ആദ്യത്തെ രീതിയാണ് നല്ലത് എന്നാണുത്തരം. കാരണം തകർച്ചാമുന്നറിയിപ്പ് മനസ്സിലാക്കുമ്പോൾ തന്നെ കെട്ടിടത്തിനകത്തെ സാധനങ്ങളും, കുറഞ്ഞപക്ഷം ആളുകളുടെ ജീവൻ എങ്കിലും രക്ഷിച്ചെടുക്കാം.
ശരി തന്നെ. പക്ഷേ ഇതും കമ്പിയും തമ്മിൽ ഉള്ള ബന്ധം..?
അവിടെയാണ് കളി. കോൺക്രീറ്റും കമ്പിയും ചേർന്ന പദാർഥമാണ് റീയിൻഫോഴ്സ്ഡ് കോൺക്രീറ്റ് എന്ന് നാം പറഞ്ഞു. ഈ രണ്ടെണ്ണത്തിലെ കോൺക്രീറ്റ് ഫെയിലിയർ ആവുന്നത് ബ്രിറ്റിൽ രീതിയിലും, സ്റ്റീൽ ഫെയിലിയർ ആവുന്നത് ഡക്ക്ടെയിൽ രീതിയിലുമാണ്.
ചേർത്തിരിക്കുന്ന കമ്പി അധികമാണ് എന്നിരിക്കട്ടെ. ആദ്യം ഫെയിൽ ആവുന്നത് കോൺക്രീറ്റ് ആവും, എന്ന് വച്ചാൽ ഒരു സാഹചര്യം ഉണ്ടാവുമ്പോൾ കെട്ടിടം പൊടുന്നനെ തകർന്നു വീഴും. എന്നാൽ കമ്പി അൽപം കുറഞ്ഞ സാഹചര്യം ആണെങ്കിലോ ..? ആദ്യം ഫെയിൽ ആവാൻ തുടങ്ങുന്നത് കമ്പി ആയിരിക്കും, ആവശ്യം വേണ്ട മുന്നറിയിപ്പ് നമുക്ക് ലഭിക്കും.
ഇനിയാണ് ചോദ്യം. വേണ്ട അളവിൽ മാത്രം കമ്പി ഇട്ട ബാലൻസ്ഡ് കേസിലോ..? സ്വാഭാവികമായും ഇതിൽ കമ്പിയും കോൺക്രീറ്റും തകരുന്നത് ഒരേസമയം ആയിരിക്കും, അതിനാൽ ഇതും അഭികാമ്യം അല്ല.
ഈ പറഞ്ഞതിനർഥം, ഇത് വായിച്ചു നാളെ മുതൽ ഇപ്പോൾ ഇടുന്നതിന്റെ പകുതി കമ്പി ഇട്ടാൽ മതി എന്നല്ല. ഡിസൈൻ ഫോളോ ചെയ്യണം എന്നാണ്, അല്ലാതെ സുരക്ഷിതത്വത്തിനു വേണ്ടി അധികം കമ്പി ഉപയോഗിച്ചാൽ വെളുക്കാൻ തേച്ചത് പാണ്ടാവും. അതുപോലെ ആവശ്യത്തിൽ അധികം കമ്പി ഉപയോഗിച്ചതുകൊണ്ടു മാത്രം കെട്ടിടം തകരും എന്നും ഈ പറഞ്ഞതിന് അർഥമില്ല.
ഭൂകമ്പം പോലെയുള്ള സാഹചര്യങ്ങളിൽ ആവശ്യത്തിലധികം കമ്പി ഉപയോഗിച്ച കെട്ടിടങ്ങൾ പൊടുന്നനെ തകരുമ്പോൾ, ഡിസൈൻ പാലിക്കുന്ന കെട്ടിടങ്ങൾ അൽപം പതിയെ മാത്രമേ തകരാൻ ഉള്ള സാധ്യത ഉള്ളൂ എന്നർഥം. അതാണ് പറഞ്ഞത് നെയ്യപ്പത്തിന്റെ കണക്കല്ല, കെട്ടിടം പണിക്ക് എന്ന്.
എന്തായാലും സുലൈമാൻ ഹാജിയുടെ കെട്ടിടത്തിൽ ക്രമാതീതമായി ചേർക്കാനായി വച്ചിരുന്ന കമ്പി ഉപയോഗിച്ചില്ല എങ്കിലും ചായയുടെ ഒപ്പം വിളമ്പിയ പത്തിരിയും മട്ടൻ കറിയും അൽപം ക്രമാതീതമായി.
അല്ലെങ്കിലും സ്നേഹത്തോടെ വിളമ്പുമ്പോൾ എങ്ങനെ വേണ്ടെന്നു പറയും ..?
***
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com