ഇവൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണം: അന്വേഷണമുണ്ടോ? ആർക്കറിയാം!
Mail This Article
ന്യൂഡൽഹി ∙ പുണെയിൽ ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) ജീവനക്കാരി അന്ന െസബാസ്റ്റ്യൻ അമിത ജോലിഭാരം മൂലം മരിച്ച സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടോയെന്നുപോലും വ്യക്തമാക്കാതെ കേന്ദ്രസർക്കാരിന്റെ മറുപടി. ലോക്സഭയിൽ കെ.സുധാകരൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരുടെ ചോദ്യത്തിനുള്ള മറുപടിയിൽ, തൊഴിൽ മന്ത്രാലയം സെപ്റ്റംബറിൽ പ്രഖ്യാപിച്ച അന്വേഷണത്തെക്കുറിച്ചു കാര്യമായ വിവരങ്ങളില്ല.
സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം തുടങ്ങിയതായി തൊഴിൽ സഹമന്ത്രി ശോഭ കരന്തലാജെ സെപ്റ്റംബർ 19നാണ് പ്രഖ്യാപിച്ചത്. ഇതിന്റെ പുരോഗതിയെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. മഹാരാഷ്ട്ര സർക്കാർ വഴി കമ്പനിയുടെ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നു മാത്രമാണു മന്ത്രി ഇന്നലെ നൽകിയ മറുപടിയിലുള്ളത്. അന്വേഷണം എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല.
പുണെയിലെ യുവതിയുടെ മരണത്തിനുശേഷം കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് തൊഴിൽസമയം, തൊഴിൽസാഹചര്യം എന്നിവ സംബന്ധിച്ചു കമ്പനിയുടെ പ്രതികരണം മഹാരാഷ്ട്ര സർക്കാർ ഒക്ടോബർ 28നു ഫോർവേഡ് ചെയ്തിട്ടുണ്ട് എന്നും മറുപടിയിലുണ്ട്.