നാട്ടിക അപകടം: അടച്ചുകെട്ടിയ ഭാഗം; വണ്ടികൾ വരില്ലെന്ന് കരുതി ഉറക്കം
Mail This Article
നാട്ടിക ∙ നിർമാണം നടക്കുന്ന ദേശീയപാതയുടെ നടുവിൽ അടച്ചുകെട്ടിയ ഭാഗത്താണ്, അപകടത്തിൽപെട്ട കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ബാരിക്കേഡ് വച്ചതിനാൽ വാഹനങ്ങൾ എത്തില്ല എന്നുറപ്പുള്ളതിനാലാണു 4 മാസമായി ഇവിടേക്ക് ഉറക്കം മാറ്റിയത്. ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതുമെല്ലാം ഇവിടെത്തന്നെ.
ഇവർക്കൊപ്പമുള്ള ചിലർ ഏതാനും മീറ്ററകലെ ഓടയുടെ സ്ലാബിനു മുകളിൽ കഴിഞ്ഞിരുന്നു. വലിയ വാഹനങ്ങൾ രാത്രി പാർക്ക് ചെയ്യാനെത്തുമ്പോൾ ആളുകൾ കിടക്കുന്നതറിയാതെ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു മാറിക്കിടക്കാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇങ്ങനെ ചെയ്തവരും അപകടത്തിൽപെട്ടു.
പല തൊഴിലുകൾ ചെയ്തു കുടുംബം പോറ്റിയിരുന്നവരാണിവർ. പുലർച്ചെ എഴുന്നേറ്റു പണിക്കു പോകുമ്പോൾ ഒപ്പം കൊണ്ടുപോകാൻ പാകത്തിന് ഇവർ ചോറും കൂട്ടാനും ഉണ്ടാക്കി പാത്രത്തിലടച്ചു വച്ചാണ് ഉറങ്ങാറുള്ളത്. വസ്ത്രങ്ങളടക്കമുള്ള ബാഗും മറ്റും പാതയുടെ നടുവിൽ അടച്ചുവച്ച സ്ലാബുകൾക്കിടയിൽ സൂക്ഷിക്കും. അപകടസ്ഥലത്തു ചിതറിക്കിടക്കുന്ന വസ്ത്രങ്ങളും ഭക്ഷണവും ദാരുണകാഴ്ചയായി ശേഷിച്ചു.
അതിവേഗ ഇടപെടലുമായി അധികൃതർ
തൃശൂർ ∙ അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾ വിവരമറിഞ്ഞു പാലക്കാട് മുതലമടയിൽനിന്ന് എത്തിയെങ്കിലും സംസ്കാരം ഉൾപ്പെടെയുള്ളവയിൽ തീരുമാനമെടുക്കാൻ കഴിയാതെ നിസ്സഹായരായി. സംസ്കാരം എവിടെ നടത്തണമെന്ന് അധികൃതർ ചോദിച്ചപ്പോൾ ഇവർ ഉത്തരമില്ലാതെനിന്നു. ഒടുവിൽ കലക്ടർ അർജുൻ പാണ്ഡ്യനെത്തി ചോദ്യം ആവർത്തിച്ചപ്പോൾ നാട്ടിൽക്കൊണ്ടു പോകാനുള്ള താൽപര്യം പ്രകടിപ്പിച്ചു.
‘നാട്ടിലേക്കു കൊണ്ടുപോകാം സാറേ. അവിടെയാകുമ്പോൾ ഞങ്ങളുടെ അരികിലുണ്ടെന്നു കരുതാല്ലോ’– പറഞ്ഞു തീർക്കുമ്പോഴേക്കും ബന്ധു അഞ്ജലിയുടെ കണ്ണുനിറഞ്ഞൊഴുകി. കാളിയപ്പന്റെ അമ്മ കമല (70) കണ്ണീരടക്കാൻ കഴിയാതെ ‘എല്ലാവരും പോയി’ എന്നു വിലപിച്ചുകൊണ്ടിരുന്നു. പാലക്കാട് ജില്ലാ ഭരണകൂടവുമായും തദ്ദേശ സ്ഥാപന അധികൃതരുമായുംസംസാരിച്ചു സഹായങ്ങൾ ഉറപ്പാക്കി. മൃതദേഹം കൊണ്ടുപോകുമ്പോൾ ഒപ്പമുള്ളവർക്കു പോകാൻ കെഎസ്ആർടിസി ബസ് ഏർപ്പാടാക്കി നൽകി. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയും ദുരന്തനിവാരണ അതോറിറ്റി ഡപ്യൂട്ടി കലക്ടർ കെ. ശാന്തകുമാരിയും ഒപ്പമുണ്ടായിരുന്നു.
നടുക്കം മാറാതെ ചെമ്മണാംതോട്
മുതലമട∙ മീങ്കര ചെമ്മണാംതോട്ടിലെ പുറമ്പോക്കു ഭൂമിയിൽ ഷീറ്റ് മേഞ്ഞ കൂരയിൽ ഒരുമിച്ചു കഴിഞ്ഞവരാണു നാട്ടികയിൽ അപകടത്തിൽപെട്ടവർ. 2 മാസം മുൻപ് മീങ്കര ചെമ്മണംതോട്ടിലെ വീട്ടിലെത്തി മടങ്ങിയതാണു കാളിയപ്പനും നാഗമ്മയും മറ്റു ബന്ധുക്കളുമെന്നു കാളിയപ്പന്റെ സഹോദരി പാർവതി പറഞ്ഞു. ഒരു അപകടത്തിൽ കാലിനു പരുക്കു പറ്റിയതിനാലാണു പാർവതിയും മകനും ചെമ്മണംതോട്ടിൽ തുടർന്നത്.
ഒന്നര പതിറ്റാണ്ടു മുൻപ് മീങ്കര അണക്കെട്ടിന്റെ മേൽഭാഗത്തു പട്ടഞ്ചേരി പഞ്ചായത്തിനടുത്തായി കിടക്കുന്ന മുതലമട പഞ്ചായത്തിലെ ചെമ്മണംതോട്ടിൽ കാളിയപ്പന്റെ സഹോദരൻ ശ്രീകാന്താണ് ആദ്യമായി കൂര കെട്ടി താമസിക്കാനെത്തിയത്. പിന്നീടു ബന്ധുക്കളെയെല്ലാം ഇവിടേക്കെത്തി. വല്ലപ്പോഴും ഇവിടെയെത്തി ഒരുമിച്ചു താമസിച്ചതിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി അവിടെ കൂര കെട്ടി താമസിക്കുന്നതാണു രീതി.നാട്ടുകാർക്ക് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പരിമിതമാണ്.