അവിശ്വാസം പരസ്യമാക്കി എഡിഎമ്മിന്റെ കുടുംബം; പാർട്ടിയും സർക്കാരും പ്രതിരോധത്തിൽ
Mail This Article
കണ്ണൂർ ∙ സിപിഎം നേതൃത്വത്തെയോ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന പൊലീസിനെയോ വിശ്വാസമില്ലെന്ന പ്രഖ്യാപനമാണ്, സിബിഐ അന്വേഷണമെന്ന ആവശ്യത്തിലൂടെ എഡിഎം കെ.നവീൻ ബാബുവിന്റെ കുടുംബം നടത്തിയിരിക്കുന്നത്. എഡിഎമ്മിന്റെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്താനല്ല, അദ്ദേഹം കൈക്കൂലിക്കാരനാണെന്നു വരുത്താനുള്ള തെളിവുകളാണ് പൊലീസ് അന്വേഷിക്കുന്നതെന്ന ആരോപണം തുടക്കം മുതലുണ്ട്.
പി.പി. ദിവ്യയ്ക്കെതിരെ സിപിഎം നടപടി എടുത്ത ശേഷവും അവ്യക്തത നിലനിർത്തുന്ന പ്രസ്താവനകളാണ് പാർട്ടി നേതൃത്വം നടത്തിയത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചു സിപിഎമ്മുകാരനായ ടി.വി. പ്രശാന്ത് മുഖ്യമന്ത്രിക്കു നൽകിയെന്നു പറഞ്ഞ പരാതി വ്യാജമാണെന്നു വ്യക്തമായിട്ടും ആ വഴിക്കും അന്വേഷണം നീങ്ങിയില്ല.
തെറ്റുപറ്റിയെന്നു യാത്രയയപ്പു ചടങ്ങിനു ശേഷം എഡിഎം തന്നോടു പറഞ്ഞുവെന്ന കലക്ടറുടെ മൊഴിയിലും സംശയമുണ്ട്. സിബിഐ അന്വേഷണത്തെ എതിർക്കാനും അനുകൂലിക്കാനും പറ്റാത്ത കുരുക്കിലാണ് സർക്കാരും പാർട്ടിയും. എതിർത്താൽ സിപിഎം കുടുംബത്തിന്റെ ആവശ്യത്തിന് എതിരുനിൽക്കലാകും. അനുകൂലിച്ചാൽ മുഖ്യമന്ത്രിക്കു കീഴിലെ ആഭ്യന്തരവകുപ്പിനെ വിശ്വാസമില്ല എന്നു സമ്മതിക്കലാവും.
ഹർജിയിൽ 3 കാര്യങ്ങൾ
ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പ്രധാനമായും 3 ആരോപണങ്ങളാണുള്ളത്. 1) സിപിഎം നേതാവ് പ്രതിസ്ഥാനത്തു നിൽക്കുമ്പോൾ സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ നീതി ലഭിക്കില്ല. 2) പ്രത്യേക അന്വേഷണ സംഘം തെളിവുകൾ മൂടിവയ്ക്കാൻ ശ്രമിക്കുന്നു; പ്രതിഭാഗത്തിനു തെറ്റായ തെളിവുകൾ കെട്ടിച്ചമയ്ക്കാൻ അവസരം നൽകുന്നതായി സംശയിക്കുന്നു 3) കൊലപാതകമാണെന്നു സംശയമുണ്ട്.