മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; പട്ടികയിൽ 37 വീട്ടുകാർ കൂടി; 521 പേരുടെ പട്ടിക കൈമാറും
Mail This Article
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികയിൽ 37 കുടുംബങ്ങളെ കൂട്ടിച്ചേർക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി. ആദ്യഘട്ട പട്ടികയിലെ 346, രണ്ടാംഘട്ട പട്ടികയിലെ 174 എന്നീ കുടുംബങ്ങൾക്കു പുറമേയാണ് 37 കുടുംബങ്ങളെക്കൂടി പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയത്. എല്ലാവരും മരിച്ച 16 കുടുംബങ്ങളെയും ആൾത്താമസമില്ലാത്ത 20 പാടികളെയും ഒഴിവാക്കി 484 കുടുംബങ്ങളെ ഉൾപ്പെടുത്തിയ പ്രാഥമിക പട്ടിക സർവകക്ഷിയോഗത്തിൽ അവതരിപ്പിച്ചു.
-
Also Read
ഭൂമി തരംമാറ്റം: അനുകൂല തീരുമാനം ഉടൻ
പല കാരണങ്ങളാൽ പ്രാഥമിക പട്ടികയിൽനിന്ന് ഒഴിവായ 37 കുടുംബങ്ങളെക്കൂടി ഉൾപ്പെടുത്താൻ യോഗത്തിൽ പങ്കെടുത്തവരുടെ നിർദേശപ്രകാരം തീരുമാനമെടുക്കുകയായിരുന്നു. ആകെ 521 കുടുംബങ്ങളെ ഉൾപ്പെടുത്തിയ പ്രാഥമിക പട്ടിക ഇന്ന് ഭരണസമിതിയോഗം ചേർന്ന് അംഗീകരിച്ച ശേഷം കലക്ടർക്കു കൈമാറും. പടവെട്ടിക്കുന്ന് പ്രദേശത്തു താമസിക്കുന്നവരിൽ അർഹരായ കുടുംബാംഗങ്ങളെ കണ്ടെത്തി അടുത്ത പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. താൽക്കാലിക പുനരധിവാസത്തിലുള്ളവരിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തി മാത്രമേ കരടു പട്ടിക അന്തിമമാക്കുകയുള്ളൂവെന്ന് റവന്യു അധികൃതർ അറിയിച്ചു.