ADVERTISEMENT

തിരുവനന്തപുരം ∙ താൽക്കാലിക വി.സിമാരെ ഗവർണർ നിയമിച്ചതു നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ. ഡോ.സിസ തോമസിനെ സാങ്കേതിക സർവകലാശാല വി.സിയാക്കിയതിനെതിരെ 2022 ലെ കേസിൽ ഉത്തരവിട്ടത് അന്നത്തെ സാഹചര്യത്തിലായിരുന്നുവെന്ന കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിയുടെ പരാമർശമാണു ഗവർണർ ആയുധമാക്കിയത്. ഇതിനുശേഷം കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ വന്ന സുപ്രീംകോടതി വിധിയോടെ ‘സാഹചര്യം’ മാറിയെന്നാണു കോടതി സൂചിപ്പിച്ചതെന്നും സർക്കാരിനെ അവഗണിച്ചു നിയമനവുമായി മുന്നോട്ടുപോകാമെന്നുമാണു ഗവർണർക്കു ലഭിച്ച നിയമോപദേശം. തൊട്ടുപിന്നാലെ ഗവർണർ നിയമന ഉത്തരവിറക്കുകയായിരുന്നു.

കെടിയു വി.സിയായി സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാരിന്റെ അപ്പീൽ അന്നു ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതിനുശേഷമാണ്, വി.സി നിയമനം പൂർണമായും ചാൻസലറുടെ അധികാരമാണെന്നു ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനക്കേസിൽ സുപ്രീംകോടതി വിധിച്ചത്. ഈ സാഹചര്യത്തിലാണു വീണ്ടും കെടിയു വി.സിയെ നിയമിക്കേണ്ട ഘട്ടത്തിൽ ഗവർണർ ഹൈക്കോടതിയുടെ മുൻ ഉത്തരവിൽ വ്യക്തത തേടിയത്. അന്നത്തെ വിധി സാങ്കേതിക സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ട് പരിശോധിച്ചായിരുന്നെന്നും താൽക്കാലിക വി.സിയെ നിയമിക്കുന്നതിനു പാനൽ നൽകാൻ സർക്കാരിനു സ്വാതന്ത്ര്യമുണ്ടെന്നും കഴിഞ്ഞ ദിവസത്തെ കോടതി വിധിയിലുണ്ട്. എന്നാൽ, അന്നത്തെ സാഹചര്യത്തിലുള്ള വിധിയായിരുന്നുവെന്നു കോടതി വ്യക്തമാക്കി. ഗോപിനാഥ് രവീന്ദ്രൻ കേസിലെ സുപ്രീംകോടതി വിധിയെ വ്യാഖ്യാനിക്കാൻ മുതിരാതെ ഗവർണറുടെ ‘ക്ലാരിഫിക്കേഷൻ പെറ്റിഷൻ’ തീർപ്പാക്കുകയായിരുന്നു.

ഹൈക്കോടതി വ്യക്തത വരുത്തിയതനുസരിച്ചാണു വിസിമാർക്കു ചുമതല നൽകിയത്. പരാതിയുള്ളവർ കോടതിയെ സമീപിക്കട്ടെ.

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നടപടികളാണു ഗവർണർ സ്വീകരിക്കുന്നത്. ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും.

English Summary:

VC Appointment: High Court Clarification Paves Way for Governor's Appointment of Temporary VCs in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com