ADVERTISEMENT

തിരുവനന്തപുരം ∙ ഏതു വഴിക്കു നീങ്ങണമെന്നു വ്യക്തതയില്ലാതെ പൊലീസിന്റെ മുന്നിലുള്ളത് ഒരുപിടി കേസുകളാണ്. രാഷ്ട്രീയതാൽപര്യങ്ങളാണു പല കേസുകളിലും അന്വേഷണത്തെ പിന്നോട്ടുവലിക്കുന്നത്. തെളിവില്ലെന്നു കാട്ടി അവസാനിപ്പിച്ച കേസുകളിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതും പൊലീസിനു തിരിച്ചടിയായി.

∙ വാട്സാപ് കേസ്: മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരായ അന്വേഷണം പ്രാഥമികപരിശോധനയുടെ ഘട്ടത്തിലാണ്. ഫോണിലെ വിവരങ്ങളെല്ലാം ഗോപാലകൃഷ്ണൻ നീക്കിയതിനാൽ ഗ്രൂപ്പുകളുണ്ടാക്കിയത് അദ്ദേഹമാണെന്ന് എങ്ങനെ തെളിയിക്കുമെന്ന കാര്യത്തിൽ പൊലീസിനു വ്യക്തതയില്ല.

∙ മന്ത്രിക്കെതിരെ തുടരന്വേഷണം: ഭരണഘടനയെ നിന്ദിച്ചെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരെ കുറ്റം നിലനിൽക്കില്ലെന്ന റിപ്പോർട്ട് തള്ളി ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാനൊരുങ്ങുന്നു. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസിൽ സത്യസന്ധനായ ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏൽപിക്കാനാണു ഡിജിപിയുടെ നിർദേശം.

∙ എഡിഎം കേസ്: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തി. ഭരണകക്ഷി നേതാവ് ഉൾപ്പെട്ട കേസിലെ അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നാണ് ആവശ്യം.

∙ ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമാ മേഖലയിലെ അതിക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ കേസെടുക്കുന്നത് നീളുന്നു. റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ വിശദപരിശോധന പൂർത്തിയായെങ്കിലും എത്ര കേസെടുക്കണമെന്നതിൽ തീരുമാനമായിട്ടില്ല. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ അതിക്രമങ്ങളിലെ ഇരകളിൽ പലർക്കും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന ന്യായം നിരത്തിയാണു പൊലീസിന്റെ മെല്ലെപ്പോക്ക്. 

∙ ആത്മകഥാ വിവാദം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ ആത്മകഥ ചോർന്നതിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ കാര്യമായ വിവരങ്ങളില്ല. വീണ്ടും അന്വേഷിക്കാൻ തീരുമാനം. ഇ.പിയുടെ മൊഴിയിൽ വ്യക്തതയില്ലെന്നതും പ്രശ്നം. ആത്മകഥ ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് ഇ.പി ആവർത്തിക്കുന്നു. പക്ഷേ, അതു സംബന്ധിച്ച തെളിവുകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല.

∙ പൂരം കലക്കൽ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ 4 മാസത്തോളം പൊലീസ് അനങ്ങിയില്ലെന്ന വിവരം പുറത്തുവന്നതിനെത്തുടർന്ന് സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പൂരം കലങ്ങിയിട്ടില്ലെന്ന് പിന്നാലെ മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചു. ഇതോടെ, ഇനിയെന്ത് അന്വേഷണമെന്ന ചോദ്യമുയരുന്നു.

∙ നവകേരള ‘രക്ഷാപ്രവർത്തനം’: ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ നവകേരളസദസ്സ് യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാനും സുരക്ഷാ ജീവനക്കാർക്കും ക്രൈംബ്രാഞ്ച് നൽകിയ ക്ലീൻ ചിറ്റ് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാസംഘത്തിന്റെ നടപടി രക്ഷാപ്രവർത്തനമാണെന്നു മുഖ്യമന്ത്രി മുൻപ് നിലപാടെടുത്ത സാഹചര്യത്തിൽ തുടരന്വേഷണം പൊലീസിനു തലവേദനയാകും.

English Summary:

Kerala Police: Political interests hindering investigations in several cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com