നാട്ടിക ദുരന്തത്തിന്റെ ആവർത്തനം; ലോറിയുടെ അടിയിൽപെട്ട് യുവതി മരിച്ചു
Mail This Article
ചിറ്റൂർ (പാലക്കാട്) ∙ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിനു മുകളിലേക്കു ലോറി മറിഞ്ഞു യുവതി മരിച്ചു. 3 പേർക്കു പരുക്കേറ്റു. നാട്ടികയിൽ നാടോടിസംഘത്തിനിടയിലേക്കു ലോറി പാഞ്ഞുകയറി കൊല്ലങ്കോട് സ്വദേശികളായ 5 പേർ മരിച്ച സംഭവത്തിന്റെ വേദന മാറും മുൻപേയാണ് ഇന്നലെ പുലർച്ചെ ചിറ്റൂർ ആലാംകടവിൽ ദുരന്തമുണ്ടായത്. ലോറി ഡ്രൈവർ കുമരനെല്ലൂർ സ്വദേശി സി.അജിത്തിനെ (32) അറസ്റ്റ് ചെയ്തു.
മൈസൂരു ഹുൻസൂർ ഹനഗൊഡു ഹൊബളി പാർവതിയാണു (40) മരിച്ചത്. പുലർച്ചെ 3 മണിയോടെ ആലാംകടവ് ബസ്റ്റോപ്പിലായിരുന്നു ദുരന്തം. മൈസൂരുവിൽ നിന്നു 4 ദിവസം മുൻപാണ് പാർവതി ഉൾപ്പെടുന്ന നാടോടി സംഘം ചിറ്റൂരിലെത്തിയത്. പുഴയിൽ നിന്നു മീൻപിടിച്ചു വിറ്റും ആലാംകടവിലെ വിവിധയിടങ്ങളിൽ റോഡരികിലായി ഭക്ഷണം പാകം ചെയ്തു കഴിച്ചും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉറങ്ങുന്നവരാണ് ഇവർ. പഴനിയിൽ നിന്ന് എടപ്പാളിലേക്ക് ഇറച്ചിക്കോഴിയുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിൽ വന്ന ലോറി വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ടു ചെരിഞ്ഞ്, റോഡരികിലെ 3 മരങ്ങളിൽ തട്ടി കാത്തിരിപ്പു കേന്ദ്രത്തിനു മുകളിലേക്കു മറിയുകയായിരുന്നു.