ADVERTISEMENT

തിരുവനന്തപുരം ∙ പ്രതിമകളുടെ നഗരമായ തിരുവനന്തപുരത്തേക്ക് 3 ശിൽപങ്ങൾ കൂടി എത്തുന്നു. കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ഗോപാലൻ, ഇഎംഎസ് നമ്പൂതിരിപ്പാട്, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പ്രതിമകളാണ് നഗരഹൃദയത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. മൂന്നിന്റെയും ശിൽപി ഉണ്ണി കാനായി ആണ്. ഇതോടെ നഗരത്തിൽ ഉണ്ണി കാനായിയുടേതായി 9 ശിൽപങ്ങളായി. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പ്രതിമകൾ സ്ഥാപിക്കുന്നത്. 

എകെജി, ഇഎംഎസ് പ്രതിമകൾ വഞ്ചിയൂർ ജംക്‌ഷനിലും കോടിയേരിയുടേത് വഞ്ചിയൂരിന് അൽപം അകലെയുമാണ് സ്ഥാപിക്കുക. എകെജി, ഇഎംഎസ് പ്രതിമകൾ 2ന് അനാഛാദനം ചെയ്യും. മൂന്നര അടി ഉയരമുള്ള അർധകായ ഫൈബർ ഗ്ലാസ് ശിൽപങ്ങളാണ് മൂന്നര മാസം സമയമെടുത്ത് ഉണ്ണി കാനായി നിർമിച്ചത്. എകെജി, ഇഎംഎസ് പ്രതിമകൾക്ക് വെങ്കല നിറവും കോടിയേരിയുടേതിന് ഫൈബർ ഗ്ലാസിന്റെ യഥാർഥ നിറവുമാണ്. 

‘സാധാരണക്കാരുടെ വെങ്കലം’ എന്നാണ് ഫൈബർ ഗ്ലാസ് അറിയപ്പെടുന്നത്. ഇവ ഉപയോഗിച്ചു നിർമിച്ചാൽ പണച്ചെലവും സംരക്ഷണച്ചെലവും കുറയുമെന്ന പ്രത്യേകതയുണ്ട്. കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും’ –ഉണ്ണി കാനായി പറഞ്ഞു. സയൻസ് പാർക്കിലേക്ക് മെറ്റൽ ഗ്ലാസിൽ തീർക്കുന്ന മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ പ്രതിമയും വൈകാതെ തലസ്ഥാനത്ത് എത്തിച്ചേരും. മന്നത്ത് പത്മനാഭൻ,  ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം, മുൻമന്ത്രി ആർ.ബാലകൃഷ്ണപിള്ള എന്നിവരുടെ വെങ്കല പ്രതിമകളും അണിയറയിൽ ഒരുങ്ങുന്നു. നിലവിൽ അറുപതോളം പ്രതിമകളാണ് തലസ്ഥാന നഗരത്തിൽ തലയുയർത്തി നിൽക്കുന്നത്.

English Summary:

Unni Kanayi's Latest Masterpieces: AKG, EMS, and Kodiyeri Statues Unveiled in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com