2006– 2009 കാലത്ത് വിരമിച്ച എയ്ഡഡ് കോളജ് അധ്യാപകർക്കും പെൻഷൻ കുടിശിക നൽകണം
Mail This Article
കൊച്ചി ∙ 2006 ജനുവരി ഒന്നിനും 2009 ജൂൺ 30നും ഇടയിൽ വിരമിച്ച എയ്ഡഡ് കോളജ് അധ്യാപകർക്കു പരിഷ്കരിച്ച ശമ്പളം അനുസരിച്ചുള്ള പെൻഷൻ കുടിശിക നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കുടിശിക മുഴുവൻ നാലാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. 2006 ജനുവരി ഒന്നു മുതൽ 2009 ജൂൺ 30 വരെയുള്ള പെൻഷൻ കുടിശിക നോഷനൽ (സാങ്കൽപ്പികം) ആയിരിക്കുമെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.കൃഷ്ണകുമാർ എന്നിവരുടെ ഉത്തരവ്. എയ്ഡഡ് കോളജിൽനിന്ന് വിരമിച്ച പ്രിൻസിപ്പൽമാരും അധ്യാപകരുമാണു ഹർജി നൽകിയത്.
ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങുന്നതിനു മുൻപ് വിരമിച്ച ഉദ്യോഗസ്ഥനാണെങ്കിലും പരിഷ്കരണം മുൻകാല പ്രാബല്യത്തോടെയാണു നടപ്പാക്കുന്നതെങ്കിൽ പെൻഷനും അതനുസരിച്ച് കണക്കാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.