ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമതസമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനിൽ നടത്തുന്ന സർവമതസമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്നു സംസാരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മാർപാപ്പയുടെ അഭിസംബോധന. വത്തിക്കാൻ സ്ക്വയറിൽ ഉച്ചയ്ക്ക് 2.30നു ചേരുന്ന സർവമതസമ്മേളനത്തിലെ പ്രത്യേക സെഷനുകൾ കർദിനാൾ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്യും. ഗുരു രചിച്ച ‘ദൈവദശകം’ പ്രാർഥന സമ്മേളനത്തിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിക്കും. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമ്മേളന ലക്ഷ്യങ്ങൾ വിശദമാക്കും.

സ്വാമി സച്ചിദാനന്ദ തയാറാക്കിയ ‘സർവമത സമ്മേളനം’ എന്ന കൃതിയുടെ ഇറ്റാലിയൻ പരിഭാഷയും ‘ഗുരുവും ലോകസമാധാനവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പും പ്രകാശനം ചെയ്യും. മതസമ്മേളനത്തിൽ റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അധ്യക്ഷൻ ഫാ. മിഥുൻ ജെ. ഫ്രാൻസിസ് മോഡറേറ്ററാകും. ഇന്നത്തെ പ്രധാന സെഷനുകളിൽ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട്, കർണാടക സ്പീക്കർ യു.ടി.ഖാദർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ എംഎൽഎ, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ശുദ്ധാനന്ദഗിരി തുടങ്ങിയവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളിൽനിന്നുള്ള സമ്മേളന പ്രതിനിധികളുടെ സ്നേഹസംഗമത്തോടെയാണ് ഇന്നലെ സർവമത സമ്മേളനത്തിനു തുടക്കമായത്. നാളെ സമ്മേളനവേദിയിൽ ഇറ്റലിയിലെ ജനപ്രതിനിധികളും സമ്മേളന പ്രതിനിധികളും ഒത്തുചേരുന്ന മതപാർലമെന്റ് നടക്കും.

വത്തിക്കാനിൽ ‘ദൈവദശകം’ സിസ്റ്റർ ആശ ജോർജിനും സന്തോഷ നിമിഷം
ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സമ്മേളന വേദിയിൽ ഇന്ന് ഇറ്റാലിയൻ ഭാഷയിലുള്ള ‘ദൈവദശകം’ ആലപിക്കുമ്പോൾ വൈപ്പിൻ ഇളങ്കുന്നപ്പുഴ സ്വദേശി സിസ്റ്റർ ആശ ജോർജിന് ധന്യനിമിഷം. ശ്രീനാരായണഗുരു രചിച്ച ഇൗ പ്രാർഥനാഗീതം, സിസ്റ്റർ ആശ ജോർജാണ് സുഹൃത്തും സൈക്യാട്രിസ്റ്റും ആയ ഇറ്റലിയിലെ ഡോ.അർക്കിമേദെ റുജേറോയുടെ സഹായത്തോടെ ഇറ്റാലിയൻ ഭാഷയിലേക്കു മൊഴി മാറ്റിയത്. ഫ്രാൻസിസ് മാർപാപ്പയുടെയും വിവിധ മതപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇന്ന് ദൈവദശകം വത്തിക്കാനിൽ മുഴങ്ങുക. ദൈവദശകം 100 ലോക ഭാഷകളിൽ മൊഴി മാറ്റി പ്രചരിപ്പിക്കുന്ന ‘ദൈവദശകം വിശ്വവിശാലയതിലേക്ക്’ പദ്ധതിയുടെ ഭാഗമായി 2017 ൽ ആണ് ഇറ്റാലിയൻ ഭാഷയിലേക്കു മൊഴി മാറ്റിയത്.

English Summary:

World Interfaith Conference: Pope Francis addresses the Interfaith Conference organized by Sivagiri Mutt at the Vatican

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com