ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ സംഭൽ ജില്ലയിലെ ചന്ദൗസിയിലുള്ള ഷാഹി ജുമാ മസ്ജിദിൽ അവകാശവാദമുന്നയിച്ചുള്ള ഹർജികളിൽ തുടർനടപടികൾ കൈക്കൊള്ളുന്നതിൽനിന്നു ജില്ലാ കോടതിയെ സുപ്രീം കോടതി വിലക്കി. ഇപ്പോഴത്തേതു പോലെയുള്ള സംഭവങ്ങളല്ല, സമാധാനാന്തരീക്ഷവും സാഹോദര്യവുമാണ് ഉറപ്പാക്കേണ്ടതെന്നു യുപി സർക്കാരിനെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഓർമിപ്പിച്ചു. ജില്ലാ കോടതിയുടെ ഉത്തരവുപ്രകാരം കഴിഞ്ഞയാഴ്ച മസ്ജിദിൽ നടത്തിയ അഭിഭാഷക സർവേയിലെ വിവരങ്ങൾ പുറത്തുവിടുന്നതും തടഞ്ഞു. സർവേയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കാൻ ജില്ലാ കോടതി നിർദേശിച്ചതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടികൾ വിലക്കിയത്.

1526 ൽ മുഗൾ ചക്രവർത്തി ബാബറിന്റെ കാലത്ത് ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്ന ഹിന്ദുവിഭാഗത്തിന്റെ അവകാശവാദത്തെത്തുടർന്നായിരുന്നു അഭിഭാഷക സർവേ. ഞായറാഴ്ച ഇതിനെതിരായ പ്രതിഷേധത്തെത്തുടർന്നുള്ള വെടിവയ്പിൽ 4 പേർ (അനൗദ്യോഗിക കണക്കുപ്രകാരം 5 പേർ) കൊല്ലപ്പെട്ടതിനു പിന്നാലെ മസ്ജിദ് കമ്മിറ്റിയാണു സുപ്രീം കോടതിയെ സമീപിച്ചത്. സർവേയ്ക്കെതിരെ അലഹാബാദ് ഹൈക്കോടതിയിൽ ഹർജി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. ലിസ്റ്റ് ചെയ്തു 3 ദിവസത്തിനകം ഹൈക്കോടതി വാദം കേൾക്കണം. സുപ്രീം കോടതിയിലെ ഹർജികൾ ജനുവരി ആറിനു പരിഗണിക്കാനായി മാറ്റി.

ഈ ഘട്ടത്തിൽ കേസിന്റെ വസ്തുതകളിലേക്കു കടക്കുന്നില്ലെന്നു ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് സഞ്ജയ് കുമാർ കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. എല്ലാ വിഭാഗത്തിന്റെയും പ്രാതിനിധ്യവും നിഷ്പക്ഷ സ്വഭാവവുമുള്ള സമാധാനസമിതി രൂപീകരിച്ച് പ്രശ്നപരിഹാരത്തിനു മധ്യസ്ഥ ചർച്ച നടത്താൻ സർക്കാർ മുൻകയ്യെടുക്കണം. തങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായും തിരക്കിട്ടുമാണ് ജില്ലാ കോടതി സർവേയ്ക്ക് ഉത്തരവിട്ടതെന്നു മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവു വന്നു മണിക്കൂറുകൾക്കകം തന്നെ വൻ സുരക്ഷാ സന്നാഹത്തോടെ സർവേ തുടങ്ങുകയും ചെയ്തു. 1991 ലെ ആരാധനാലയ നിയമപ്രകാരം, സംഭലിലെ പള്ളി സംരക്ഷിത സ്വഭാവമുള്ളതാണെന്നും വാദിച്ചു.

English Summary:

Shahi Juma Masjid: Supreme Court intervenes in the Sambhal Mosque dispute, prioritizing peace and urging the formation of a peace committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com