ADVERTISEMENT

ചെറുതുരുത്തി ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കലാമണ്ഡലത്തിലെ 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് വൈസ് ചാൻസലർ ഉത്തരവിട്ടു. 70 സ്ഥിരം ഉദ്യോഗസ്ഥർ മാത്രമേ കൽപിത സർവകലാശാലയായ കലാമണ്ഡലത്തിൽ ഇനിയുള്ളൂ. ഇവരിൽ 52 പേരാണ് അധ്യാപകർ. ജീവനക്കാർക്ക് ശമ്പളം നൽകാനും മറ്റും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്തണമെന്നു കഴിഞ്ഞമാസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതിനുശേഷം ജീവനക്കാരെ പിരിച്ചുവിടുന്ന ആദ്യ സ്ഥാപനമാണു കലാമണ്ഡലം. 

ഉത്തരവിറങ്ങിയതോടെ കലാമണ്ഡലത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. നാളെ മുതൽ 45 താൽക്കാലിക അധ്യാപകരുടെ കുറവ് ക്ലാസുകളെ ബാധിക്കും. പല ഡിപ്പാർട്മെന്റുകളിലും സ്ഥിരം അധ്യാപകർ ഇല്ലാതിരിക്കെയാണ് താൽക്കാലിക അധ്യാപകരെ ഒറ്റയടിക്കു പിരിച്ചുവിട്ടത്. എട്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെയുള്ള വിദ്യാർഥികളാണു കലാമണ്ഡലത്തിലുള്ളത്. സെക്യൂരിറ്റി ജീവനക്കാർ, വാർഡൻമാർ, കുക്ക്, സ്വീപ്പർമാർ, ഡ്രൈവർമാർ തുടങ്ങി 89 താൽക്കാലിക ജീവനക്കാരുടെ കുറവ് ഓഫിസ് പ്രവർത്തനത്തെയും പ്രതിസന്ധിയിലാക്കും. 

സർക്കാർ കനിഞ്ഞില്ലെങ്കിൽ മറ്റ് സ്ഥാപനങ്ങൾക്കും ഇതേ ഗതി

തിരുവനന്തപുരം ∙ ഇതുവരെ കിട്ടിക്കൊണ്ടിരുന്ന സഹായം തുടർന്നും ലഭിച്ചില്ലെങ്കിൽ മറ്റു സ്ഥാപനങ്ങൾക്കും കലാമണ്ഡലത്തിന്റെ വഴി തേടേണ്ടിവരും. ധനവകുപ്പിന്റെ ഉത്തരവിനു പിന്നാലെ മിക്ക സ്ഥാപനങ്ങളിലെയും ഫിനാൻ‌സ് ഓഫിസർമാർ ശമ്പള ബില്ലുകളിൽ തടസ്സം ഉന്നയിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ‌ പലതും പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പ്ലാൻ ഫണ്ടിൽനിന്നു പണമെടുത്ത് ജീവനക്കാർക്കു ശമ്പളം നൽകിയിരുന്നു. പിന്നീട് ഇതു ക്രമപ്പെടുത്തുകയാണു ചെയ്യുന്നത്. എന്നാൽ, ധനവകുപ്പ് ഉത്തരവിറക്കിയതോടെ പ്ലാൻ ഫണ്ട് വകമാറ്റാൻ ഫിനാൻസ് ഓഫിസർമാർ അനുവദിക്കുന്നില്ല. സർക്കാരിനു കീഴിലെ ഇരുനൂറോളം ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ പലതും സ്വന്തമായി വരുമാനമുണ്ടാക്കാൻ കഴിയാത്തവയാണ്.

English Summary:

Kerala Kalamandalam: 134 Temporary Staff Laid Off Amid Financial Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com