70 വയസ്സു കഴിഞ്ഞവർക്ക് കാസ്പിൽ സൗജന്യ ചികിത്സ തുടരും
Mail This Article
തിരുവനന്തപുരം ∙ പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിൽ റജിസ്റ്റർ ചെയ്തതിന്റെ പേരിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) നിന്നു പുറത്തായ 70 വയസ്സു കഴിഞ്ഞവർക്കു സൗജന്യ ചികിത്സ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ആരോഗ്യയോജന പദ്ധതിയിൽ റജിസ്റ്റർ ചെയ്ത ആയിരക്കണക്കിനു വയോജനങ്ങൾക്കു കാരുണ്യ വഴിയുള്ള ചികിത്സ മുടങ്ങിയതു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
കേന്ദ്ര പദ്ധതി സംബന്ധിച്ചു വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ അതിൽ റജിസ്റ്റർ ചെയ്തവർക്കു സൗജന്യ ചികിത്സ നൽകേണ്ടെന്നായിരുന്നു എംപാനൽ ചെയ്ത ആശുപത്രികൾക്കു സംസ്ഥാന ആരോഗ്യ ഏജൻസി നേരത്തെ നൽകിയ നിർദേശം. കേന്ദ്ര പദ്ധതിയിൽ റജിസ്റ്റർ ചെയ്തവർക്കും ഇനി കാരുണ്യ പദ്ധതി വഴിയുള്ള ആനുകൂല്യം ലഭിക്കും. രാജ്യത്തെ 70 വയസ്സു കഴിഞ്ഞ എല്ലാവർക്കും വരുമാന പരിധിയില്ലാതെ ചികിത്സാ സഹായം ലഭ്യമാക്കുന്ന ‘ആരോഗ്യ യോജന വയവന്ദന പദ്ധതി’ കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഒപ്പം ഇതിലേക്കുള്ള ഓൺലൈൻ റജിസ്ട്രേഷനും ആരംഭിച്ചു. എന്നാൽ, പദ്ധതി നടത്തിപ്പ് എങ്ങനെയാണെന്നു കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങളെ അറിയിച്ചിട്ടില്ല.
വിശദാംശങ്ങൾ ലഭിച്ചാൽ മാത്രമേ പദ്ധതി ആരംഭിക്കാനാവൂ. വയവന്ദന പദ്ധതിയിൽ ചേരുന്നതോടെ കാസ്പിലെ അംഗത്വം സ്വാഭാവികമായി നഷ്ടമാകും. അതോടെ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ ചികിത്സയും നഷ്ടമാകും. പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണു കേന്ദ്ര പദ്ധതിയിൽ അംഗമായതുകൊണ്ടു ചികിത്സാ സൗജന്യം നിഷേധിക്കേണ്ടെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചത്.