ADVERTISEMENT

കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ പദ്ധതിയിലേക്കു ലഭിച്ച ലക്ഷക്കണക്കിന് അപേക്ഷകളിൽ 3 മാസത്തിനകം നടപടി പൂർത്തിയാക്കുന്നതിനു വിരമിച്ച ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). 

കഴിഞ്ഞ ശനിയാഴ്ച നടന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിനു മുന്നിൽ സമർപ്പിച്ച അജൻഡയിൽ സുപ്രീം കോടതി ഉത്തരവു നടപ്പാക്കുന്നതിനു സ്വീകരിച്ച നടപടികൾ വിശദീകരിച്ചാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 6 ലക്ഷത്തോളം അപേക്ഷകളിൽ ഇപ്പോഴും പ്രാഥമിക പരിശോധന പോലും പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിലാണിത്. 

പെൻഷൻ കേസിൽ സുപ്രീം കോടതി വിധി വന്ന് 2 വർഷം പൂർത്തിയായിട്ടും ഒരു ശതമാനം അപേക്ഷകർക്കു പോലും പെൻഷൻ ലഭിച്ചു തുടങ്ങിയിട്ടില്ല. നവംബർ 22 വരെയുള്ള കണക്കു പ്രകാരം ആകെ ലഭിച്ച 17,48,775 ഓപ്ഷനുകളിൽ 16,282 പേർക്കാണ് പെൻഷൻ പേയ്മെന്റ് ഓർഡറുകൾ(പിപിഒ) അയച്ചത്. 1,19,187 പേർക്ക് പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കാനുള്ള തുക സംബന്ധിച്ച ഡിമാൻഡ് ലെറ്റർ അയച്ചിട്ടുണ്ട്. മൊത്തം അപേക്ഷകളിൽ തൊഴിലുടമകൾ കൂടി അംഗീകരിച്ച് ഇപിഎഫ്ഒയിൽ തിരികെ ലഭിച്ചത് 14,37,097 എണ്ണം മാത്രമാണെന്ന് ഇപിഎഫ്ഒ വ്യക്തമാക്കുന്നു. ഇതിൽ 8,47,093 അപേക്ഷകൾ പരിശോധിച്ചു. 2,60,352 എണ്ണം പല കാരണങ്ങളാൽ നിരസിച്ചു. 

4,67,554 എണ്ണം കൂടുതൽ വിശദീകരണങ്ങൾ ആവശ്യപ്പെട്ടു തൊഴിലുടമകൾക്കു തിരിച്ചയച്ചു. 5,90,004 അപേക്ഷകളിൽ ഇതുവരെ ഒരു പരിശോധനയും തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വിരമിച്ച ഉദ്യോഗസ്ഥരെയും ജോലിക്കു നിയോഗിക്കുന്നതു പരിഗണിക്കുന്നത്.

ഈ വർഷം ഓഗസ്റ്റ് 7 വരെയുള്ള കണക്കുകൾ നേരത്തേ ഇപിഎഫ്ഒ പുറത്തുവിട്ടപ്പോൾ രാജ്യത്താകെ ഡിമാൻഡ് ലെറ്റർ അയച്ചവരുടെ എണ്ണം 89,235 ആയിരുന്നു. രണ്ടര മാസം കഴിയുമ്പോൾ അതിൽ വന്ന വർധന 30,000ത്തിൽ താഴെ മാത്രമാണ്. അതേസമയം, നിരസിച്ച അപേക്ഷകളുടെ എണ്ണം 1,48,434ൽ നിന്ന് 2,60,352 ആയി വർധിച്ചു.

ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷിച്ചവരിൽ വലിയൊരു വിഭാഗം ഇപ്പോഴും സർവീസിലുള്ളവരാണ്. 2014 സെപ്റ്റംബർ 1നു സർവീസിലുണ്ടായിരുന്നവരി‍ൽ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയിരിക്കുന്നത് 13,38,729 പേരാണ്. ഇതിൽ 6,17,933 പേർ 2024 മാർച്ച് 31ന് അകം വിരമിച്ചു. ഈ വർഷം ഏപ്രിൽ മുതൽ 2025 മാർച്ച് വരെയായി 47,480 പേർ വിരമിക്കും. ബാക്കിയുള്ള 6,73,316 പേർ 2025 ഏപ്രിലിനു ശേഷം വിരമിക്കാനുള്ളവരാണ്. അതുകൊണ്ടുതന്നെ, പതിനായിരക്കണക്കിന് അപേക്ഷകൾ ലഭിച്ചിട്ടുള്ള ഫീൽഡ് ഓഫിസുകളിൽ ഭാവിയിലും പെൻഷൻ കണക്കാക്കുന്ന നടപടികൾക്കായി അധികം ജീവനക്കാരെ വേണ്ടിവരുമെന്നും ഇപിഎഫ്ഒ വ്യക്തമാക്കുന്നു.

പ്രോറേറ്റ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ കണക്കാക്കാൻ ഈ വർഷം ഫെബ്രുവരിയിൽ ഇപിഎഫ്ഒ അയച്ച ഇ മെയിലിനെതിരെ കേരള, ഡൽഹി, പഞ്ചാബ്– ഹരിയാന ഹൈക്കോടതികളിൽ കേസ് നിലവിലുണ്ടെന്നും ഇപിഎഫ്ഒ തയാറാക്കിയ കുറിപ്പിലുണ്ട്.

English Summary:

EPFO to Employ Retired Staff to Fast-Track Higher Pension Scheme Processing : Despite a Supreme Court order, the implementation of EPFO's higher pension scheme faces delays. With millions of applications pending, EPFO considers employing retired staff to expedite processing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com