‘കത്ത് നൽകിയത് മുഖ്യമന്ത്രിക്ക്; കൈമാറിയത് ബന്ധമില്ലാത്ത മന്ത്രിക്ക് ’: ആകാശപ്പാത ഇല്ലാതാക്കരുതെന്ന് തിരുവഞ്ചൂർ
Mail This Article
കോട്ടയം ∙ കോട്ടയത്തിന്റെ അഭിമാനമാകേണ്ട ആകാശപ്പാത ഇല്ലാതാക്കരുതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഊരാളുങ്കൽ സൊസൈറ്റിക്കു കരാർ ലഭിച്ചില്ലെന്ന പേരിൽ പദ്ധതിയെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയും കൊച്ചി വാട്ടർ മെട്രോയും തുടർന്നുകൊണ്ടു പോകാൻ പിണറായി സർക്കാർ തയാറായി. എന്നാൽ രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സ്വന്തം ജില്ലയിൽ തറക്കല്ലിട്ട ആകാശപ്പാതയ്ക്കു തടസ്സം നിന്നു. മാറിവരുന്ന സർക്കാരുകൾ ഇങ്ങനെ പെരുമാറുന്നതു ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
ആകാശപ്പാത നിർമാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസം മുൻപു താൻ മുഖ്യമന്ത്രിക്കു കത്തെഴുതിയെന്നും എന്നാൽ, പദ്ധതിയുമായി ബന്ധമില്ലാത്ത തദ്ദേശവകുപ്പ് മന്ത്രിക്കാണ് അദ്ദേഹം ആ കത്തു കൈമാറിയതെന്നും എംഎൽഎ ആരോപിച്ചു. ഗതാഗത വകുപ്പിനു കീഴിലാണു പദ്ധതി.
ആകാശപ്പാതയുടെ മൂന്നിലൊന്നു ഭാഗത്തിന്റെയും നിർമാണം പൂർത്തിയാക്കിയ കിറ്റ്കോയെ ഒഴിവാക്കി മറ്റൊരു ഏജൻസിയെ ഏൽപിക്കണമെന്നാണു പിണറായി സർക്കാരിലെ 2 മന്ത്രിമാർ നിർദേശിച്ചത്. അതനുസരിച്ച് കരാർ നൽകുന്നതിനു ഊരാളുങ്കൽ സൊസൈറ്റിയുടെ പേരെടുത്തു സൂചിപ്പിച്ച് കലക്ടർ മിനിറ്റ്സും തയാറാക്കിയെന്നു രേഖകൾ ഉയർത്തി തിരുവഞ്ചൂർ പറഞ്ഞു. നാറ്റ്പാക്കിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പദ്ധതി തയാറാക്കിയത്. മേൽക്കൂരയിലെ പൈപ്പുകൾ തുരുമ്പെടുത്തത് 8 വർഷം മഴയത്തും വെയിലത്തും കിടന്നതുകൊണ്ടാണ്. അതു പരിഹരിച്ചു പദ്ധതി പൂർത്തിയാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവരും തിരുവഞ്ചൂരിനൊപ്പം പത്രസമ്മേളനത്തിനെത്തി.