ADVERTISEMENT

കോട്ടയം ∙ പ്രമുഖ സ്റ്റീൽ നിർമാണക്കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; തോട്ടയ്ക്കാടിനു സമീപമുള്ള കെട്ടിടനിർമാണക്കരാറുകാരനു നഷ്ടപ്പെട്ടത് 19 ലക്ഷം രൂപ. ‌‌‌നവംബർ 6നാണു കരാറുകാരൻ പ്രമുഖ കമ്പനിയുടെ വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞത്. പാലക്കാട്ടെ വിലാസമാണു ലഭിച്ചത്. അതിലെ നമ്പറിൽ വിളിച്ച് 15 ടൺ കമ്പിക്കും മറ്റു സാധനങ്ങൾക്കും ഓർഡർ നൽകി.

 ഓർഡർ ചെയ്ത സാധനങ്ങളുടെ വിലവിവരങ്ങൾ കമ്പനിയുടെ ലെറ്റർപാഡിൽ കരാറുകാരന്റെ നമ്പറിലേക്കു ലഭിക്കുകയും ചെയ്തു. ബില്ലിലെ ജിഎസ്ടി നമ്പർ അടക്കം ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ടു കരാറുകാരൻ പരിശോധിപ്പിച്ചിരുന്നു. ലോഡ് എത്തിക്കുന്നതിനു മുന്നോടിയായി 8 ലക്ഷം രൂപ തട്ടിപ്പുസംഘം പറഞ്ഞ പാലക്കാട്ടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി അടച്ചു. പിറ്റേന്ന് ആദ്യലോഡ് കമ്പി അയയ്ക്കുമെന്നായിരുന്നു അറിയിപ്പ്.

15 ടൺ കമ്പി കയറ്റുന്നതിന് 25 ടൺ ശേഷിയുള്ള വാഹനമാണു കമ്പനി വിടുന്നതെന്നും അതോടൊപ്പം മറ്റു നിർമാണസാമഗ്രികളും അയയ്ക്കാമെന്നും പിറ്റേന്നു തട്ടിപ്പുസംഘം വിളിച്ചറിയിച്ചു. ഇതോടെ, കരാറുകാരൻ രണ്ടു തവണയായി വീണ്ടും പണമയച്ചു. സാധനങ്ങൾ ലഭിക്കാതെ വന്നതോടെയാണു സംഭവം തട്ടിപ്പാണെന്നു കരാറുകാരനു മനസ്സിലായത്. വാകത്താനം പൊലീസിനു ലഭിച്ച പരാതിയിൽ ജില്ലാ സൈബർ സെൽ അന്വേഷണം തുടങ്ങി.

സംസാരം ഹിന്ദിയിൽ; അക്കൗണ്ട് പട്ന സ്വദേശിയുടേത്

തട്ടിപ്പു നടന്ന അക്കൗണ്ട് പട്ന സ്വദേശിയുടേതാണെന്നു പൊലീസ് കണ്ടെത്തി. ഇയാൾ ഓൺലൈനായി പാലക്കാട് ബ്രാ‍ഞ്ചിൽ അക്കൗണ്ട് എടുത്തതാകാമെന്നാണു പൊലീസ് നിഗമനം. കരാറുകാരനുമായി ഹിന്ദിയിലായിരുന്നു തട്ടിപ്പുസംഘത്തിന്റെ സംസാരം. മലയാളം സംസാരിക്കുന്നവർ ഇല്ലേയെന്നു കരാറുകാരൻ ചോദിച്ചപ്പോൾ മലയാളി ജീവനക്കാരൻ ഒരാഴ്ച അവധിയാണെന്ന മറുപടിയാണു ലഭിച്ചത്.

English Summary:

Fake Invoices, Real Losses: Online Scam Targets Construction Contractor in Thottakkad: A building contractor near Thottakkad fell victim to an elaborate online scam that misused a well-known steel manufacturing company's name.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com