വെർച്വൽ അറസ്റ്റെന്ന് പറഞ്ഞ് 4 കോടി തട്ടി; 2 പേർ പിടിയിൽ
Mail This Article
കാക്കനാട് ∙ ഡൽഹി പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റെന്നു ഭയപ്പെടുത്തി റിട്ട. കോളജ് അധ്യാപികയിൽ നിന്നു നാലു കോടി രൂപ തട്ടിയ സംഘത്തിലെ രണ്ടു പേരെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹസിൽ (22), കെ.പി.മിഷാബ് (21) എന്നിവരാണു പിടിയിലായത്. കാക്കനാട് സ്വദേശിയെ ഒക്ടോബറിലാണു സംഘം തട്ടിപ്പിനിരയാക്കിയത്. ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണു ‘ഡൽഹി പൊലീസ്’ വിളിച്ചത്. പൊലീസ് വേഷത്തിലാണു സംഘം വിഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടത്.
അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്ന അധ്യാപിക തന്റെ പേരിൽ എസ്ബിഐയിലുള്ള 3 അക്കൗണ്ടുകളിൽ നിന്ന് 4,11,900,94 രൂപ തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്കു ഓൺലൈനിലൂടെ മാറ്റി നൽകി. അധ്യാപിക പണം കൈമാറിയ അക്കൗണ്ടുകളിൽ നിന്നു മലപ്പുറം കേന്ദ്രീകരിച്ചു വൻതോതിൽ പണം പിൻവലിക്കുന്നതായി സൈബർ പൊലീസ് കണ്ടെത്തിയതോടെയാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. 450 അക്കൗണ്ടുകൾ വഴിയാണ് സംഘം 3 കോടി രൂപ പിൻവലിച്ചത്.